പത്തനംതിട്ട : പ്രകൃതിക്ഷോഭങ്ങളും കാലാവസ്ഥ വ്യതിയാനവും വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ദുരന്ത നിവാരണ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്. ദുരന്ത നിവാരണ പദ്ധതി ആവിഷ്‌കരിക്കുന്നതോടൊപ്പം ജനപങ്കാളിത്തതോടെയുള്ള ദുരന്ത പ്രതിരോധത്തിനുള്ള തയ്യാറെടുപ്പുകള്‍, സെമിനാറുകള്‍ തുടങ്ങിയവയും നടത്തണം. ഇതിനായി അടിയന്തര പ്രതികരണ ടീമിനെയും ലോക്കല്‍ റിസോഴ്‌സ് ഗ്രൂപ്പിനെയും രൂപീകരിക്കണം.
ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലും ദുരന്ത നിവാരണ പദ്ധതി തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട സ്ഥിതിവിവര കണക്കുകള്‍ ശേഖരിക്കുന്നതിനായിട്ടാണ് 20 അംഗങ്ങള്‍ അടങ്ങുന്ന ലോക്കല്‍ റിസോഴ്‌സ് ഗ്രൂപ്പുകള്‍ രൂപീകരിക്കുന്നത്. കില(കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിഷ്‌ട്രേഷന്‍)യും ദുരന്ത നിവാരണ അതോറിറ്റിയും സംയുക്തമായിട്ടാണു പരിശീലനം നല്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പൊതുവിവരങ്ങള്‍, അപകട സാധ്യത നിറഞ്ഞതും ദുരന്ത ദുര്‍ബല സ്ഥിതി സ്ഥലങ്ങളുടേതുമായ രൂപരേഖ, ക്ഷമതയും വിഭവങ്ങളും, ദുരന്ത പ്രതികരണ ആസൂത്രണ രേഖ, ദുരന്ത അതിജീവന തയ്യാറെടുപ്പുകള്‍, ദുരന്ത ലഘൂകരണം, സാമൂഹിക ശാക്തീകരണ പദ്ധതി തുടങ്ങിയവ ദുരന്ത നിവാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തണം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ദുരന്ത നിവാരണ പദ്ധതി വാര്‍ഷിക പദ്ധതിയുമായി ഏകോപിപ്പിക്കണം. പ്രാദേശികമായി ലഭിച്ച സ്ഥിതിവിവര കണക്കുകള്‍ ശേഖരിച്ച് അവസ്ഥാ പഠനങ്ങള്‍ നടത്തുകയും കരട് ദുരന്ത നിവാരണ പദ്ധതി തയ്യാറാക്കുകയും വേണം. അന്തിമ ദുരന്ത നിവാരണ പദ്ധതി പ്രത്യേക വികസന സെമിനാറുകളില്‍ ചര്‍ച്ചയ്ക്കുവച്ച് തദ്ദേശ സ്വയംഭരണ സമിതിയുടെ അംഗീകാരത്തിനു വിധേയമാക്കണം. ജില്ലയില്‍ 29 പഞ്ചായത്തുകളില്‍ ലോക്കല്‍ റിസോഴ്‌സ് ഗ്രൂപ്പുകള്‍ ഇതിനോടകം രൂപീകരിച്ചു. ഈ മാസം 25നകം പദ്ധതി ആവിഷ്‌കരിക്കണമെന്നും ഉത്തരവിലുണ്ട്.