കൊല്ലം : ദേവനന്ദയുടെ മരണകാരണം കണ്ടെത്താൻ ശാസ്ത്രീയ പരിശോധനകൾ വേഗത്തിലാക്കി പോലീസ്. കുട്ടിയെ തട്ടിക്കൊണ്ട് പോയതാണെന്നും മരണത്തിൽ ദുരൂഹത ഉണ്ടെന്നും ബന്ധുക്കൾ ഉറച്ച് വിശ്വസിക്കുന്ന സാഹചര്യത്തിൽ പരിശോധനകളും തെളിവെടുപ്പും വേഗത്തിലാക്കാനാണ് പോലീസ് തീരുമാനം. ശാസ്ത്രീയ പരിശോധനക്കുള്ള തെളിവെടുപ്പും തുടങ്ങി. നാളെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നുള്ള ഫോറൻസിക് സംഘം ഇളവൂരിലെത്തും.
ദേവാനന്ദയെ കാണാതായ വീട് മുതൽ മൃതദേഹം കണ്ടെത്തിയ പുഴ വരെയുള്ള ദൂരം പോലീസ് അളന്ന് തിട്ടപ്പെടുത്തി. വീട്ടിൽ നിന്നും പുഴയിലേക്കുള്ള ദൂരം മൃതദേഹം കണ്ടെത്തിയ സ്ഥലത്തെ ആഴം എന്നിവയും അളന്നു. ദേവനന്ദ പുഴയിലേക്ക് വീഴാൻ സാധ്യത ഉള്ള സ്ഥലങ്ങളും പരിശോധിച്ചു. മണ്ണും വെള്ളവും പരിശോധനക്ക് എടുത്തിട്ടുണ്ട്. തിങ്കളാഴ്ച ഉച്ചയോടെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ദേവനന്ദയുടെ മൃതദേഹം പോസ്റ്റ്‍മോര്‍ട്ടം ചെയ്ത ഡോക്ടർമാർ അടങ്ങുന്ന വിദഗ്ധ സംഘം ശാസ്ത്രിയ പരിശോധനയുടെ ഭാഗമായി ഇളവൂരിൽ എത്തുന്നുണ്ട്. ദേവനന്ദയുടെ മൃതദേഹം ലഭിച്ച ദിവസം തന്നെ ഫോറൻസിക് വിദഗ്ദർ പുഴയിലെ വെള്ളവും ചെളിയും ശേഖരിച്ചിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി സമീപവാസികളിൽ നിന്നും പോലീസ് മൊഴി എടുത്ത് തുടങ്ങി.