നിലയ്ക്കല്‍ : പമ്പ, നിലയ്ക്കല്‍ ഭാഗങ്ങളില്‍ വനം വകുപ്പിന്‍റെ അനുമതിയോടെ സിനിമ ചിത്രീകരണത്തിന് എത്തിയ സംഘത്തെ ദേവസ്വം ബോര്‍ഡ് അധികൃതര്‍ നിലയ്ക്കലില്‍ തടഞ്ഞു. അനുമതിയില്ലെന്ന് ആരോപിച്ചാണ് സംഘത്തെ തടഞ്ഞത്. കൊട്ടാരക്കര കേന്ദ്രമാക്കിയുള്ള ടീം സംവിധാനം ചെയ്യുന്ന ഹരിവരാസനം എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനായാണ് സംഘം എത്തിയത്. രണ്ട് ദിവസത്തേക്ക് പമ്പ, നിലയ്ക്കല്‍ പ്രദേശങ്ങളില്‍ ചിത്രീകരണം നടത്തുന്നതിനായി റാന്നി ഡി.എഫ്.ഓ ഓഫീസില്‍ അന്‍പതിനായിരം രൂപ അടച്ച് അനുമതി തേടിയിരുന്നതായി വനം വകുപ്പ് അധികൃതരും ചലച്ചിത്ര പ്രവര്‍ത്തകരും പറയുന്നു.
ഇത് സംബന്ധിച്ച ഉത്തരവിന്‍റെ കോപ്പിയും ലഭിച്ചിരുന്നതായി സിനിമയുടെ പ്രൊഡക്ഷന്‍ വിഭാഗം പറയുന്നു. വാഴാഴ്ച രാത്രിയോടെയാണ് ഉത്തരവിന്‍റെ കോപ്പി ലഭിച്ചത്. ഉത്തരവുമായി സിനിമ ചിത്രീകരിക്കാന്‍ നടന്‍മാരായ ഷൈജു കുറുപ്പ്, സമ്പത്ത്, യോഗി ബാവ എന്നിവര്‍ അടങ്ങിയ സംഘം രാവലെ നിലയ്ക്കലില്‍ എത്തിയപ്പോള്‍ ദേവസ്വം ഉദ്യോഗസ്ഥര്‍ തടയുകയായിരുന്നു.































