റാന്നി : ദേശ ദേവത പരുത്തിക്കാവിലമ്മക്ക് പുതുക്കി പണിത ക്ഷേത്രം സമർപ്പണത്തിനൊരുങ്ങി. കഴിഞ്ഞ രണ്ടു വർഷക്കാലമായി പുതിയ ക്ഷേത്ര നിർമ്മാണം നടന്നു വരുന്നു. കഴിഞ്ഞ കാലങ്ങളിലെ കോവിഡ് വ്യാധിയെ അതിജീവിച്ച് ഭംഗിയാകും വിധമാണ് ക്ഷേത്രപണികൾ പൂര്‍ത്തീകരിച്ചിരിക്കുന്നത്. നാലമ്പലം, ശ്രീകോവിൽ, നമസ്കാര മണ്ഡപം, ശ്രീ മഹാദേവൻ്റെ ശ്രീകോവിൽ, മല വല്യച്ചൻ, ബ്രഹ്മരക്ഷസ് എന്നീ ഉപദേവർക്ക് പുതിയ ആലയത്തറ എന്നിവയാണ് പൂർത്തികരിച്ചത്.
ക്ഷേത്രത്തിനകത്തും പുറത്തും പെയിന്റിംഗ്, ചുവര്‍ ചിത്രമെഴുത്ത്, ഗ്രാനൈറ്റ് ജോലികൾ എന്നിവക്ക് പുറമെ ഭഗവതിയുടെ നാലമ്പലത്തിനും ആലയത്തിനും സമസ്കാര മണ്ഡപത്തിനും, മഹാദേവ കോവിലിനും വിധി പ്രകാരം താഴികകുടങ്ങളും ഉറപ്പിച്ചു. ഇനിയും പുനപ്രതിഷ്ടകളും,ക്ഷേത്ര സമര്‍പ്പണവുമാണ് നടത്തേണ്ടത്. മകരം ഒന്നുമുതല് ഉത്രായന കാലം ആരംഭിക്കുന്നതിനാല്‍ ഉടൻതന്നെ ക്ഷേത്ര സമർപ്പണം നടക്കും. റാന്നി, ഐത്തല വടശ്ശേരിക്കര റോഡിൽ ചെറുകുളഞ്ഞിയിലാണ് പരുത്തിക്കാവ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
പമ്പാനദിയുടെ തീരത്തിനടുത്തുള്ള പ്രധാന ക്ഷേത്രങ്ങളിൽ ഒന്നാണ് പരുത്തിക്കാവ്. വൃശ്ചികമാസത്തിലെ കാർത്തിക നാളിലും, ശിവരാത്രി എന്നീ ദിവസങ്ങളിലുമായിരുന്നു പ്രധാന ഉത്സവങ്ങൾ നടന്നു വന്നിരുന്നത്. ക്ഷേത്രത്തിൻ്റെ നിർമ്മാണം ആർ.കെ കൺട്രക്ഷനും നിർമ്മാണ ചുമതല ക്ഷേത്രഭരണസമതിയുമാണ് മേൽനോട്ടം വഹിക്കുന്നത്.