പെരുമ്പാവൂര്‍: ഡി.എഫ്.ഒയുടെ അക്കൗണ്ട് പാസ്വേഡ് ഉപയോഗിച്ച് ക്രമക്കേട് നടത്തിയ സംഭവത്തില്‍ പ്രതി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. അശമന്നൂര്‍ വില്ലേജ് പയ്യാല്‍ കാലമാലി വീട്ടില്‍ രജനീഷ് തമ്പനാണ് (41) കോടനാട് സ്റ്റേഷനില്‍ കീഴടങ്ങിയത്. മലയാറ്റൂര്‍ വനം ഡിവിഷനിലെ സീനിയര്‍ ക്ലര്‍ക്കായിരുന്ന ഇയാള്‍ ഡി.എഫ്.ഒയുടെ പാസ്വേഡ് ഉപയോഗിച്ച് തട്ടിപ്പ് നടത്തുകയായിരുന്നു.
പലപ്പോഴായി പണം സ്വന്തം അക്കൗണ്ടിലേക്ക് ഇയാള്‍ മാറ്റുകയായിരുന്നു. കരാറുകാര്‍ക്ക് കൊടുക്കാനുള്ള തുകയാണ് തട്ടിയെടുത്തത്. ഡി.എഫ്.ഒ പരിശോധിക്കേണ്ട ബാലന്‍സ് ഷീറ്റ് രജനീഷ് തമ്പാന് തന്നെയാണ് ഒപ്പിട്ട് വിട്ടിരുന്നത്. 2017 മുതല്‍ തിരിമറി നടക്കുന്നതായി വനം വകുപ്പ് കണ്ടെത്തിയിരുന്നു.
എന്നാല്‍, ദുര്‍ബലവകുപ്പുകള്‍ ചാര്‍ത്തിയാണ് കേസെടുത്തിരിക്കുന്നതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരില്‍നിന്നു തന്നെ ആരോപണമുണ്ട്. ക്രമക്കേടിനെത്തുടര്‍ന്ന് ഇയാളെ ആഗസ്റ്റ് 13ന് സസ്പെന്‍ഡ് ചെയ്തിരുന്നു. കഴിഞ്ഞ എട്ടിന് ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ ഹാജരാകാന്‍ നിര്‍ദേശിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.