മുംബൈ : ഏഷ്യയിലെ ഏറ്റവും വലിയ ചേരി പ്രദേശമായ ധാരാവിയില്‍ 13 പുതിയ കൊവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ഇതോടെ രോഗികളുടെ എണ്ണം 288 ആയി ഉയര്‍ന്നു.14 പേരാണ് ഇവിടെ കൊവിഡ് ബാധിച്ച് മരിച്ചത്. കൊവിഡ് ബാധിതരെ കണ്ടെത്തുന്നതിന്റെ ഭാഗമായി 350 സ്വകാര്യ ക്ലിനിക്കുകള്‍ തിങ്കളാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചിട്ടുണ്ട്. 1068 നഴ്സിങ് ഹോമുകളാണ് കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മുംബൈയിലാകെ തുറന്ന് പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നത്. ഏപ്രില്‍ 1 നാണ് ധാരാവിയില്‍ ആദ്യ കൊവിഡ് ബാധ സ്ഥിരീകരിച്ചത്.
അതേസമയം ധാരാവിയില്‍ കൊവിഡ് പരിശോധനക്കെത്തിയ ഡോക്ടര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൂടാതെ ധാരാവിയില്‍ ജോലി ചെയ്ത ആറ് പോലീസുകാരും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡ് പ്രതിരോധ മേഖലയില്‍ ജോലി ചെയ്യുന്ന കൂടുതല്‍ പേരിലേക്ക് വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മുംബൈ പോലീസിലെ 55 വയസിന് മുകളിലുള്ളവരോടും ഏതെങ്കിലും രോഗത്തിന് ചികിത്സ തേടുന്നവരോടും ജോലിയില്‍ നിന്ന് അവധിയെടുക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.