കൊച്ചി: രത്നവ്യാപാരി ഹരിഹരവര്‍മയെ കൊലപ്പെടുത്തിയ കേസില്‍ നാലുപ്രതികളുടെ ജീവപര്യന്തം ഹൈക്കോടതി ശരിവച്ചു. തലശേരി സ്വദേശികളായ എം. ജിതേഷ്, രഖില്‍ കുറ്റ്യാടി സ്വദേശി അജീഷ്, ചാലക്കുടി സ്വദേശി രാഗേഷ് എന്നിവരുടെ ശിക്ഷയാണു ഹൈക്കോടതി ശരിവച്ചത്.
ജസ്റ്റീസുമാരായ എ.ഹരിപ്രസാദ്, എന്‍. അനില്‍കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. കേസില്‍ അതിവേഗ കോടതി അഞ്ചു പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു. അഞ്ചാം പ്രതി കര്‍ണാടക കൂര്‍ഗില്‍ നിന്നുള്ള ജോസഫിനെ വെറുതേ വിട്ടു. ആറാം പ്രതി അഭിഭാഷകനായിരുന്ന ഹരിദാസിനെ വെറുതെ വിട്ടതിനെതിരേ ഹരിഹര വര്‍മയുടെ ഭാര്യ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി.
2012 ഡിസംബര്‍ 24-ന് രാവിലെയാണു ഹരിഹര വര്‍മ കൊല്ലപ്പെട്ടത്. ഹരിഹരവര്മയില്നിന്നു രത്നങ്ങള്‍ വാങ്ങാനെന്ന വ്യാജേനെയെത്തിയ സംഘം ക്ലോറോഫോം മണപ്പിച്ച് അബോധാവസ്ഥയിലാക്കിയ ശേഷം രത്നങ്ങളുമായി കടന്നതാണു കേസ്. ക്ലോറോഫോമിന്റെ അളവ് കൂടിയതാണ് മരണകാരണമെന്നാണു പ്രോസിക്യൂഷന് പറയുന്നത്.
ഹരിഹര വര്‍മയുമായി ബന്ധപ്പെട്ട് കണ്ടെത്തിയ രേഖകളെല്ലാം വ്യാജമാണെന്നു പോലീസ് കണ്ടെത്തിയിരുന്നു. 65 മുത്ത്, 16 പവിഴം, 73 മരതകം, 22 വൈഡുര്യം, 4 മാണിക്യം. 5 ഇന്ദ്രനീലം, 29 പുഷ്യരാഗം, ഇതിനു പുറമെ ക്യാറ്റ്സ്റ്റോണ്‍, എമറാള്‍ഡ് തുടങ്ങിയ രത്നങ്ങളാണു വര്‍മയുടെ പക്കലുണ്ടായിരുന്നത്. ആദ്യം രത്നങ്ങള്‍ വ്യാജമാണെന്നാണു പോലീസ് റിപ്പോര്‍ട്ട് നല്‍കിയത്.