വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിനായി വൈറ്റ് ഹൗസിൽ ഔപചാരിക സ്റ്റേറ്റ് ഡിന്നർ ഒരുക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തയ്യാറാകുന്നു. ഈ മാസം അവസാനം ഷി ജിൻപിങ് അമേരിക്ക സന്ദർശിക്കാനിരിക്കെയാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം. ആഗോളതലത്തിൽ സാമ്പത്തിക, സൈനിക വെല്ലുവിളികൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഇരു വൻശക്തികളും തമ്മിലുള്ള തന്ത്രപ്രധാനമായ ചർച്ചകൾക്കാണ് ഈ കൂടിക്കാഴ്ച വഴിയൊരുക്കുന്നത്.
ഇറാനെതിരെയുള്ള ഉപരോധങ്ങളിൽ ചൈന പൂർണ്ണമായി പങ്കാളികളാകണമെന്നും ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി പൂർണ്ണമായി അവസാനിപ്പിക്കണമെന്നും അമേരിക്ക നിരന്തരം ആവശ്യമുന്നയിച്ചിരുന്നു. ആറു മാസത്തിലേറെയായി നീണ്ടുനിൽക്കുന്ന ഇറാൻ സംഘർഷത്തിൽ ഇറാനെ സാമ്പത്തികമായി ഒറ്റപ്പെടുത്താനാണ് അമേരിക്ക ശ്രമിക്കുന്നത്. എന്നാൽ അന്താരാഷ്ട്ര സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ ഇറാനിൽ നിന്നുള്ള എണ്ണ വാങ്ങൽ ചൈന തുടരുന്നതിൽ അമേരിക്കയ്ക്ക് കടുത്ത പ്രതിഷേധമുണ്ട്. എന്നിരുന്നാലും, ചൈനയുമായുള്ള ഭിന്നതകളെ മാധ്യമങ്ങൾക്ക് മുന്നിൽ നിസ്സാരവത്കരിക്കാനാണ് ട്രംപ് ശ്രമിച്ചത്..
ചൈനയുമായുള്ള ബന്ധം വളരെ മികച്ച രീതിയിലാണ് മുന്നോട്ടുപോകുന്നതെന്നും ഇരു രാജ്യങ്ങളും തമ്മിൽ ശക്തമായ വ്യാപാര ബന്ധമുണ്ടെന്നും ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഷി ജിൻപിങ് അന്താരാഷ്ട്രതലത്തിൽ ഏറെ ബഹുമാനിക്കപ്പെടുന്ന ഒരു മികച്ച നേതാവാണെന്ന് വിശേഷിപ്പിച്ച ട്രംപ്, ഇറാൻ വിഷയത്തിൽ ചൈന അമേരിക്കൻ നിലപാടുകളോട് ഒരു പരിധി വരെ സഹകരിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.കഴിഞ്ഞ വർഷം രൂക്ഷമായ താരിഫ് യുദ്ധത്തിന് ശേഷമാണ് ഇരു രാജ്യങ്ങളും തമ്മിൽ താൽക്കാലിക വ്യാപാര കരാറിലെത്തിയത്. സാമ്പത്തിക ഉപരോധങ്ങളിലൂടെ ലോകരാജ്യങ്ങളെ ഭീഷണിപ്പെടുത്തുന്ന അമേരിക്കൻ തന്ത്രങ്ങൾക്ക് മുന്നിൽ ചൈന തങ്ങളുടെ നിലപാടുകൾ തുറന്നുപറയുന്ന ഘട്ടത്തിലാണ് ഈ സന്ദർശനം നടക്കുന്നത്. വരാനിരിക്കുന്ന സ്റ്റേറ്റ് ഡിന്നറും ഉഭയകക്ഷി ചർച്ചകളും മിഡിൽ ഈസ്റ്റിലെ രാഷ്ട്രീയ സമവാക്യങ്ങളിലും ആഗോള വ്യാപാരത്തിലും വലിയ മാറ്റങ്ങൾ വരുത്തിയേക്കാം.































