പത്തനംതിട്ട : റോഡില്‍ വീണ ഡീസലില്‍ തെന്നി യുവതിക്ക് പരിക്കേറ്റു. ഇന്ന് രാവിലെ പത്തരയോടെ കുമ്പഴ ജംഗ്ഷനിലാണ് സംഭവം. കോന്നി റോഡില്‍ നിന്നും സ്കൂട്ടറില്‍ വന്ന യുവതി പത്തനംതിട്ട റോഡിലേക്ക് തിരിയുന്നതിനിടെ സ്കൂട്ടര്‍ തെന്നി മറിയുകയായിരുന്നു. വേഗം കുറവായതിനാല്‍ കാര്യമായ പരിക്കില്ല. അപകടത്തെത്തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാരാണ് റോഡില്‍ ഡീസല്‍ കിടക്കുന്നത് കണ്ടത്.
ഏതോ വാഹനത്തില്‍നിന്നും വളവ് തിരിഞ്ഞപ്പോള്‍ റോഡില്‍ വീണതാണ് ഡീസല്‍. നാട്ടുകാര്‍ അറിയിച്ചയുടന്‍ പത്തനംതിട്ട ഫയര്‍ഫോഴ്സ് എത്തി റോഡിലെ ഡീസല്‍ കഴുകിക്കളഞ്ഞു. മിക്ക വലിയ വാഹനങ്ങളും ടാങ്ക് തുളുമ്പുന്ന രീതിയിലാണ് ഡീസല്‍ നിറക്കുന്നത്. വളവ് തിരിയുമ്പോള്‍ ടാങ്കില്‍ നിന്നും ഡീസല്‍ റോഡിലേക്ക് ഒഴുകിവീഴുന്നത് ഇങ്ങനെയാണ്. കോന്നി – തണ്ണിത്തോട് റോഡില്‍ ഇത് നിത്യ സംഭവമായിരുന്നു. നിരവധി അപകടങ്ങള്‍ ഇവിടെയും ഉണ്ടായിട്ടുണ്ട്.