പാരിസ് : ഒരാള്‍ രണ്ട് വ്യത്യസ്ത കൊവിഡ് വാക്‌സീനുകള്‍ സ്വീകരിച്ചാലുള്ള ഫലം വ്യക്തമാക്കി പഠനം. ഫ്രാന്‍സിലാണ് അസ്‌ട്രെ സെനകയുടെയും ഫൈസറിന്റെയും വ്യത്യസ്ത ഡോസുകള്‍ നല്‍കി പരീക്ഷണം നടത്തിയത്. ആദ്യം അസ്ട്ര സെനകയുടെ ഡോസും രണ്ടാമത് ഫൈസറിന്റെ ഡോസുമാണ് കുത്തിവെച്ചത്. ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി നടത്തിയ പരീക്ഷണ റിപ്പോര്‍ട്ട് ലാന്‍സറ്റിലാണ് പ്രസിദ്ധീകരിച്ചത്.
പരീക്ഷണം നടത്തിയവരില്‍ ഹ്രസ്വകാല പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും മറ്റ് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല. രണ്ട് വ്യത്യസ്ത ഡോസുകള്‍ സ്വീകരിച്ചവരില്‍ കുറച്ച് ദിവസം നീണ്ടുനില്‍ക്കുന്ന തലവേദന, ക്ഷീണം തുടങ്ങിയ പാര്‍ശ്വഫലങ്ങളുണ്ടായി. വ്യത്യസ്ത വാക്‌സീന്‍ നല്‍കിയവരില്‍ 10 ശതമാനം പേര്‍ക്കാണ് പാര്‍ശ്വഫലങ്ങള്‍ കണ്ടത്. എന്നാല്‍ ഒറ്റ വാക്‌സീന്‍ രണ്ട് ഡോസ് സ്വീകരിച്ചവരില്‍ മൂന്ന് ശതമാനം പേര്‍ക്കാണ് പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
വ്യത്യസ്ത വാക്‌സീനുകള്‍ സ്വീകരിച്ച ചിലര്‍ക്ക് ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ ഭേദമായെന്ന് പരീക്ഷണത്തിന് നേതൃത്വം നല്‍കിയ ഓക്‌സിഫഡ് പീഡിയാട്രിക് ആന്‍ഡ് വാക്‌സിനോളജി പ്രൊഫസര്‍ മാത്യു സ്‌നേപ് പറഞ്ഞു. എന്നാല്‍ വ്യത്യസ്ത വാക്‌സീനുകള്‍ സ്വീകരിച്ചവരില്‍ എത്രത്തോളം ഗുണമേന്മയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നില്ല. ഈ വിഷയത്തില്‍ പഠനം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രണ്ട് വ്യത്യസ്ത കമ്പനികളുടെ വാക്‌സീന്‍ ഉപയോഗിച്ചാല്‍ പ്രതിരോധ ശേഷിയില്‍ മാറ്റം വരില്ലെങ്കില്‍ വാക്‌സീനേഷന് കൂടുതല്‍ ഗുണകരമാകും.