തിരുവനന്തപുരം : സംസ്ഥാനത്ത് കൃഷിവകുപ്പ് സംഘടിപ്പിക്കുന്ന കർഷകച്ചന്തകളിൽ ഡിജിറ്റൽ പേയ്‌മെന്റിന് പുറമെ നേരിട്ട് പണം നൽകിയും ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് വാങ്ങുന്നതിൽ ഒരു തടസ്സവുമില്ലെന്ന് കൃഷിമന്ത്രി ടി.സിദ്ദിഖ് അറിയിച്ചു. കർഷകച്ചന്തകളിൽ പണമിടപാട് ഡിജിറ്റിൽ സംവിധാനത്തിൽ മാത്രമായി പരിമിതപ്പെടുത്തിയെന്നും യുപിഐ വഴി മാത്രമേ പണം നൽകാനാകൂയെന്ന തരത്തിലുള്ള പ്രചരണം തികച്ചും അടിസ്ഥാനരഹിതവും അവാസ്തവവുമാണ്. കൃഷിവകുപ്പിന്റെ ഓണച്ചന്തകളിൽ എത്തുന്ന ഉപഭോക്താക്കൾക്ക് ഇടപാടുകൾ കൂടുതൽ വേഗത്തിലും സൗകര്യപ്രദവുമായും നടത്തുന്നതിനാണ് ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം കൂടി അധികമായി ഏർപ്പെടുത്തിയിട്ടുള്ളത്.
ഈ ആശയത്തിന് പൊതുജനങ്ങളിൽ നിന്ന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. സ്മാർട്ട്‌ഫോൺ ഉപഭോക്താക്കൾക്ക് യുപിഐ സംവിധാനത്തിന്റെ സേവനം പ്രയോജനപ്പെടുത്താം എന്നതിന് അപ്പുറം മറ്റൊരു നിബന്ധനയും നിലവിൽ കൃഷിവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ 2000ത്തോളം കർഷകച്ചന്തകളിൽ ഒന്നിലും ഏർപ്പെടുത്തിയിട്ടില്ല. മാത്രവുമല്ല, പൊതുവിപണിയെ അപേക്ഷിച്ച് 30 ശതമാനം വരെ കുറഞ്ഞ വിലയിൽ പച്ചക്കറികൾ ലഭ്യമാക്കുന്നതിനാണ് കൃഷിവകുപ്പിന്റെ ഓണച്ചന്തകൾ ഒരുക്കിയിരിക്കുന്നത്. അതിനാൽ തെറ്റായ പ്രചാരണങ്ങളിൽ വിശ്വസിക്കാതെ കർഷകച്ചന്തകളുടെ സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് കൃഷിമന്ത്രി ടി. സിദ്ദിഖ് അറിയിച്ചു.





























