കൊച്ചി : നടിയെ ആക്രമിച്ച കേസിന്റെ വിചാരണയില്‍ പ്രത്യേക കോടതി ജഡ്‌ജി ഹണി എം.വര്‍ഗീസ് തുടരും. ഒരേ കോടതിയില്‍ മൂന്നു വര്‍ഷം പൂര്‍ത്തിയാക്കിയ ജുഡീഷ്യല്‍ ഉദ്യോഗസ്‌ഥരുടെ താല്‍ക്കാലിക സ്‌ഥലംമാറ്റ പട്ടികയില്‍ ഹണി എം.വര്‍ഗീസിന്റെ പേരുണ്ട്. മികച്ച ട്രാക്ക് റെക്കോര്‍ഡുള്ള ഹണിക്കു കേസിന്റെ വിചാരണക്കാലം മുഴുവന്‍ ഈ കോടതിയില്‍ തുടരാനാകുമോ എന്നതു സംശയത്തിലായിരുന്നു. എന്നാല്‍ മേയില്‍ കേസിന്റെ വിസ്‌താരം പൂര്‍ത്തിയായില്ലെങ്കില്‍ ജഡ്‌ജിയുടെ സ്‌ഥലംമാറ്റം നീട്ടിക്കൊടുക്കാനാണു ഹൈക്കോടതി രജിസ്‌ട്രിയുടെ തീരുമാനം.
വിചാരണ ആറു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന സുപ്രീംകോടതിയുടെ നിര്‍ദേശം നിലനില്‍ക്കെ കേസ് പരിഗണിക്കുന്ന വനിതാ ജഡ്‌ജിക്കു സ്‌ഥലം മാറ്റമുണ്ടായാല്‍ പകരം വനിതാ ജഡ്‌ജിയെ നിയമിക്കണം. ഇതിനെല്ലാം കാലതാമസം നേരിടും. രജിസ്‌ട്രിയുടെ തീരുമാനത്തോടെ കേസിന്റെ വിചാരണക്കു ശേഷമേ ജഡ്‌ജിക്ക് സ്‌ഥലം മാറ്റമുണ്ടാകൂ എന്നുറപ്പായി. വിചാരണയുടെ പ്രാരംഭഘട്ടം ആരംഭിച്ചതിനാല്‍ മറ്റൊരു വനിതാ ജഡ്‌ജിയെ ആവശ്യമില്ല. ഇതോടെ ജഡ്‌ജി മാറുന്നതുവരെ വിചാരണ നീട്ടിക്കൊണ്ടുപോകാന്‍ നീക്കമുണ്ടെങ്കില്‍ നടക്കില്ലെന്നും വ്യക്‌തമായി.
അതിക്രമത്തിന് ഇരയായ യുവനടിയുടെ അഭ്യര്‍ത്ഥന അനുവദിച്ചാണ് കേസ് വനിതാ ജഡ്‌ജിയായ ഹണി എം.വര്‍ഗീസിനു ഹൈക്കോടതി കൈമാറിയത്. കൊച്ചിയിലെ സി.ബി.ഐ. പ്രത്യേക കോടതി ജഡ്‌ജിയായാണ് ഇവര്‍ മൂന്നുവര്‍ഷം പൂര്‍ത്തിയാക്കുന്നത്. ജഡ്‌ജിയുടെ സ്‌ഥലം മാറ്റം മുന്നില്‍ക്കണ്ടാണു വിചാരണ പരമാവധി നീട്ടാനുള്ള ദിലീപിന്റെ നീക്കമെന്നു സംശയമുണ്ടായിരുന്നു. ദിലീപ് നല്‍കിയ വിടുതല്‍ ഹര്‍ജിയില്‍ അന്തിമ തീരുമാനം വരുംവരെ വിചാരണ തുടങ്ങാന്‍ കഴിയാത്ത സാഹചര്യമുണ്ടാകാം.
മാത്രമല്ല ദൃശ്യങ്ങളുടെ പരിശോധനാ റിപ്പോര്‍ട്ടിനായി കേന്ദ്ര ഫോറന്‍സിക് ലാബിനെ സമീപിക്കാന്‍ സുപ്രീംകോടതി ദിലീപിനെ അനുവദിച്ചിട്ടുണ്ട്. അതിന്റെ അടിസ്‌ഥാനത്തില്‍ വിചാരണക്കോടതിയില്‍ അപേക്ഷയും നല്‍കി. ചുരുങ്ങിയതു രണ്ടു മാസമെങ്കിലുമെടുക്കും റിപ്പോര്‍ട്ട് ലഭിക്കാന്‍. അതുവരെ വിചാരണ നടത്തരുതെന്ന ആവശ്യവുമായി ദിലീപിനു സുപ്രീംകോടതി വരെയെത്താം. ലാബ് റിപ്പോര്‍ട്ട് ലഭിക്കാതെ ഒന്നാം സാക്ഷിയെ (നടി) ക്രോസ് വിസ്‌താരം നടത്താന്‍ കഴിയില്ലെന്നു പ്രതിഭാഗത്തിനു വാദിക്കാനാവും. പ്രതിക്കുള്ള നിയമപരമായ അവകാശമെല്ലാം ഉപയോഗിക്കുമെന്ന സൂചനയാണ് വിചാരണ കോടതിയിലെ നീക്കങ്ങളിലൂടെ ദിലീപ് നല്‍കുന്നത്.