തിരുവനന്തപുരം: 11 കാരനെ പീഡിപ്പിച്ച കേസിൽ കാലടി താമരം സ്വദേശി ഷിബു (46) നെ അഞ്ചുവർഷം കഠിനതടവും 10,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആർ രേഖയാണ് ശിക്ഷ വിധിച്ചത്. പിഴ തുക കുട്ടിക്ക് നൽകണമെന്നും അടച്ചില്ലെങ്കിൽ രണ്ടുമാസം കൂടുതൽ തടവ് അനുഭവിക്കണം എന്നും കോടതി പറഞ്ഞു. 2022 നവംബർ 19 ന് രാവിലെ 11.30 മണിക്ക് കുട്ടി അനിയന് വേണ്ടി ലെയ്സ് വാങ്ങാൻ കടയിൽ പോയപ്പോഴാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സിഗരറ്റ് വാങ്ങാൻ വന്ന അയൽവാസിയായ പ്രതി കടയിൽ വന്ന കുട്ടിയുടെ പുറകിൽ നിന്നിട്ട് കുട്ടിയുടെ രണ്ട് കയ്യും ബലമായി പിടിച്ചുവെച്ച് കുട്ടിയുടെ സ്വകാര്യഭാഗത്ത് പിടിച്ചു. വേദനിച്ച കുട്ടി ഉറക്കെ കരഞ്ഞുകൊണ്ട് സ്ഥലത്തുനിന്നും വീട്ടിലേക്ക് ഓടി.
പ്രതിയുടെ ഇടത് കൈക്ക് വൈകല്യമുണ്ട്. വൈകല്യമുള്ള കൈ വച്ച് കുട്ടിയുടെ കൈകൾ പിന്നിലേയ്ക്ക് പിടിച്ചു വെച്ചിട്ട് അടുത്ത കൈ വെച്ചാണ് കുട്ടിയുടെ സ്വകാര്യ ഭാഗത്തു പിടിച്ചത്. വൈകുന്നേരം ആയിട്ടും വേദന മാറാത്തതുകൊണ്ട് കുട്ടി അമ്മയോട് നടന്ന സംഭവം പറഞ്ഞു. രാത്രി തന്നെ വീട്ടുകാർ ഫോർട്ട് പോലീസിനോട് പരാതിപ്പെട്ടു. പ്രോസിക്യൂഷൻ വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർഎസ്. വിജയ് മോഹൻ, അഡ്വ. അതിയന്നൂർ അർ. വൈ. അഖിലേഷ് ഹാജരായി. പ്രോസിക്യൂഷൻ 14 സാക്ഷികളെ വിസ്തരിക്കുകയും 17 രേഖകളും ഹാജരാക്കി. ഫോർട്ട് അസിസ്റ്റൻറ് കമ്മീഷണർ എസ്. ഷാജി , എസ്ഐ സജിനി റ്റി എന്നിവർ ആണ് കേസ് അന്വേഷിച്ചത്.