വത്തിക്കാൻ: പ്രസംഗത്തിനിടെ അസ്വാസ്ഥ്യം അനുഭവപ്പെട്ട ഫ്രാൻസിസ് മാർപാപ്പ പ്രസംഗം ഇടയ്ക്കുവച്ചു നിർത്തി. വത്തിക്കാനിൽ വിദേശ വൈദികരുടെ ഒരു സമ്മേളനത്തിൽ പ്രസംഗിക്കുമ്പോഴാണ് ഫ്രാൻസീസ് മാർപ്പാപ്പ പ്രസംഗം ഇടയ്ക്ക് നിർത്തിയത്. തൊണ്ടവേദന അനുഭവപ്പെട്ടതോടെ ആയിരുന്നു മാര്‍പാപ്പ പ്രസംഗം അവസാനിപ്പിച്ചത്. എനിക്ക് സംസാരം പൂർണ്ണമാക്കണം എന്നുണ്ട്. പക്ഷെ ചെറിയ അസുഖമുണ്ട് എന്ന് പറഞ്ഞാണ് അദ്ദേഹം സംസാരം നിർത്തിയത്. ശ്വാസകോശ അണുബാധ മൂലം മാർപാപ്പയ്ക്ക് ദുബായിൽ നടന്ന കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കാനായിരുന്നില്ല.
അതേസമയം, വാടക ഗർഭധാരണം നിരോധിക്കണമെന്നാവശ്യപ്പെട്ട ഫ്രാൻസിസ് മാർപാപ്പ രംഗത്ത് വന്നിരുന്നു. അമ്മയുടെയും കുഞ്ഞിന്റെയും അന്തസിനെ ബാധിക്കുന്നതാണ് വാടക ഗര്‍ഭധാരണം. ഇത് അപലപനീയമാണ്. അതിനാൽ ഈ സമ്പ്രദായം ആഗോളതലത്തില്‍ നിരോധിക്കാനുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രമത്തിൽ താൻ പ്രത്യാശ പ്രകടിപ്പിക്കുന്നുവെന്നും മാർപാപ്പ പറഞ്ഞു. വത്തിക്കാൻ അക്രഡിറ്റഡ് നയതന്ത്രജ്ഞരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പോപ്പ്.





























