ഡൽഹി: ഡൽഹിയിൽ ബർത്ത്ഡേ പാർട്ടിക്കിടെ ഉണ്ടായ തർക്കത്തെ തുടർന്ന് ക്ലബ്ബ് മാനേജറും ഭാര്യയും ബൗൺസർമാരും ചേർന്ന് യുവാവിനെ മർദിച്ച് കൊലപ്പെടുത്തി. രഘുബീർ നഗറിലെ ജെജെ കോളനി സ്വദേശിയായ ദൽജീത്ത് സിങ് (29) ആണ് കൊല്ലപ്പെട്ടത്. ബർത്ത്ഡേ പാർട്ടിക്കിടെ ഭാര്യയുടെ മുഖത്ത് ബിയർ ഒഴിച്ചെന്ന് ആരോപിച്ചുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. മർദനമേറ്റ യുവാവ് വീട്ടിൽ എത്തിയതിനെ തുടർന്ന് ഛർദ്ദിക്കുകയും പിന്നീട് മരണപ്പെടുകയുമായിരുന്നു. സംഭവത്തിൽ ക്ലബ്ബ് മാനേജർ, ഭാര്യ, ബൗൺസർ അടക്കം അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. നോർത്ത് ഡൽഹിയിലെ സരായ് രോഹില്ലയിൽ ഞായറാഴ്ച രാവിലെ ആണ് സംഭവം. ന്യൂ റോത്തക്ക് റോഡിലെ ക്ലബ്ബിൽ സുഹൃത്തുക്കളായ അഞ്ചുപേർക്കൊപ്പം എത്തിയതായിരുന്നു ദൽജീത്ത് സിങ്. ബിയർ മുഖത്ത് ഒഴിച്ചെന്ന് ആരോപിച്ചുണ്ടായ തർക്കത്തിനിടെ ക്ലബ്ബ് ജീവനക്കാർ ചേർന്ന് ദൽജീത്തിനെയും സുഹൃത്തുക്കളെയും മർദിച്ചു. ഇതിന് ശേഷം ദൽജീത്തും സുഹൃത്തുക്കളും വീടുകളിലേക്ക് മടങ്ങി. വീട്ടിൽ എത്തിയതിനിടെ ദൽജീത്ത് ഛർദ്ദിച്ചതായും പിന്നീട് ഉറങ്ങാൻ കിടന്നതായും പോലീസ് പറയുന്നു. ഞായറാഴ്ച ഉച്ചയോടെ യുവാവിൻ്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രി പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
യുവാവിൻ്റെ മരണത്തെ തുടർന്ന് സിസിടിവി കാമറകൾ കേന്ദ്രീകരിച്ചു പരിശോധന നടത്തിയതോടെ ആണ് അക്രമ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചത്. സംഭവത്തിൽ കൊലക്കുറ്റം, വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തി എഫ്ഐആർ രജിസ്റ്റർ ചെയ്ത പോലീസ്, അഞ്ചുപേരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഗസ്റ്റ് ഓർഗനൈസറായ ദിലാവർ, ക്ലബ്ബ് മാനേജർ സണ്ണി, മാനേജറുടെ ഭാര്യ ഹർഷിത, ക്ലബ്ബ് ജീവനക്കാരനായ ശ്രാവൺ കുമാർ, ബൗൺസർ വികാശ് ബല്യാൻ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.




























