റാന്നി : നാറാണംമൂഴി പഞ്ചായത്തിൽ മുൻ ഇടത് പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ സ്ഥാനാർത്ഥിത്വത്തെ ചൊല്ലി പാർട്ടിയിൽ തർക്കം. മുൻ പഞ്ചായത്ത് പ്രസിഡൻ്റ് മോഹൻരാജിനെ 11-ാം വാർഡായ അടിച്ചിപ്പുഴയിൽ മത്സരിപ്പിക്കുവാൻ നേതൃത്വം ഇടപെട്ടതോടെയാണ് തർക്കമായത്. അത്തിക്കയം വലിയ കുളം ലോക്കൽ കമ്മറ്റികളിൽ ഉൾപ്പെട്ട പ്രദേശത്ത് പതിനൊന്നാം വാർഡിൽ ഏറിയ ബ്രാഞ്ച് കമ്മറ്റികളും വലിയ കുളം ലോക്കൽ കമ്മറ്റിയുടെ കീഴിലാണ്. എൽഡിഎഫിന് പഞ്ചായത്തിൽ ഭരണം ലഭിച്ചാൽ പ്രസിഡൻ്റെ ആകുവാൻ മാത്രമായുള്ള ആളായി മാറിയന്നും നാറാണംമൂഴി സഹകരണ ബാങ്കിനെ തകർത്തയാളായ മോഹൻ രാജിനെ മൽസരിപ്പിക്കുവാൻ പാടില്ലന്നും ലോക്കൽ കമ്മറ്റിയിലെ ഭൂരിപക്ഷം അംഗങ്ങളും അഭിപ്രായപ്പെട്ടങ്കിലും നേതൃത്വം ഇത് അംഗീകരിച്ചില്ല.
ഏരിയാ കമ്മിറ്റിയിലും ജില്ലാ കമ്മറ്റിയിലുമുള്ള മോഹൻ രാജിൻ്റെ അടുത്ത ബന്ധവും പിടിപാടും അടിച്ചേല്പിക്കുവാനുള്ള നേത്യത്വത്തിൻ്റെ ശ്രമത്തിനെതിരെ ലോക്കൽ കമ്മറ്റി അംഗങ്ങൾ ഉൾപ്പെടെ പ്രവർത്തകർ നവമാധ്യമങ്ങളിൽ പോസ്റ്റുകൾ ഇട്ട് പ്രതിഷേധിച്ചു. ലോക്കൽ സെക്രട്ടറി അറിയാതെ ലോക്കൽ സെക്രട്ടറിയുൾപ്പെടുന്ന ബ്രാഞ്ച് ഒഴിവാക്കി മോഹൻ രാജിൻ്റെ നേതൃത്വത്തിൽ രഹസ്യ യോഗം ചേർന്നതായും ആക്ഷേപമുണ്ട്. സഹകരണ ബാങ്ക്തകർച്ചയുടേയും പാറമടബന്ധങ്ങളുടേയും ആയുഷ്കാല പഞ്ചായത്ത് പ്രസിഡൻ്റ് സ്വപ്നധാരി എന്നി പേരിൽ അക്ഷേപം നേരിടുന്നയാളിനെ സ്ഥാനാർത്ഥിയായി പ്രതിഷേധങ്ങൾ കിടയിലും നേതൃത്വംകെട്ടിയിറക്കുന്നത് പാർട്ടിയിൽ ഇന്നും അടിമ ഉടമ പ്രതിഭാസം നിലനിൽക്കുന്നതിനാൽ ആണ് എന്ന് പ്രതിഷേധക്കാർ ആക്ഷേപം ഉയർത്തുന്നു.
മറ്റ് പല വാർഡുകളിലും സ്ഥാനാർത്ഥിയാകുവാൻ ശ്രമിച്ച് പരാജയപ്പെട്ട് സാധാരണ പാർട്ടി പ്രവർത്തകർ വിയർപ്പൊഴുക്കി പാർട്ടി കെട്ടിപ്പടുത്ത പ്രദേശത്ത് ഏരിയാ ജില്ലാ കമ്മറ്റികളിലെ പിടിപാടിൻ്റെ പിൻബലത്തിൽ ബലമായി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് സ്വയം പരിഹാസ്യനാകുന്നു എന്നാണ് എതിർപ്പ് പ്രകടിപ്പിച്ചവരുടെ അടക്കം പറച്ചിൽ. എന്നാൽ ഒരു ചെറിയ വിഭാഗത്തിൻ്റെ എതിർപ്പ് സ്വാഭാവികമാണന്നും അവരും ക്രമേണ സ്ഥാനാർത്ഥിയെ അംഗീകരിക്കുമെന്നുമാണ് എൽ.ഡി.എഫ് പക്ഷം. യു.ഡി.എഫ് യുവ നേതാവിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്. എൻ.ഡി.എ സ്ഥാനാർത്ഥിയെ രംഗത്തിറക്കിയിട്ടില്ല.





























