പത്തനംതിട്ട : ജില്ലാ കോൺഗ്രസ് കമ്മിറ്റി നേതൃസംഗമം ജനുവരി 18- വ്യാഴാഴ്ച്ച ഉച്ചക്ക് 2- മണിക്ക് തിരുവല്ല മുനിസിപ്പൽ പാർക്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുമെന്ന് ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം പറഞ്ഞു. പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിലിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന നേതൃസംഗമം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും. എം.പിമാർ, രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ, കെ.പി.സി.സി ഭാരവാഹികൾ, ഡി.സി.സി, പോഷക സംഘടനാ നേതാക്കൾ എന്നിവർ പ്രസംഗിക്കും.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ, കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും ചേർന്ന് നയിക്കുന്ന സമരാഗ്നി സംസ്ഥാന പ്രചരണ ജാഥ, ഫെബ്രുവരി നാലിന് തൃശൂരിൽ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മല്ലികാർജ്ജുന ഖാർഗെ പങ്കെടുക്കുന്ന ബൂത്ത് പ്രസിഡന്റുമാരുടെ സമ്മേളനം എന്നിവയുടെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായിട്ടാണ് നേതൃസംഗമം സംഘടിപ്പിച്ചിട്ടുള്ളത്. ജില്ലയിലെ മുതിർന്ന നേതാക്കൾ, കെ.പി.സി.സി അംഗങ്ങൾ, ഡി.സി.സി ഭാരവാഹികൾ, മുൻ ഭാരവാഹികൾ, ഡി.സി.സി അംഗങ്ങൾ, ബ്ലോക്ക് പ്രസിഡന്റുമാർ, മുൻ ബ്ലോക്ക് പ്രസിഡന്റുമാർ, മണ്ഡലം പ്രസിഡന്റുമാർ, പോഷക സംഘടനകളുടെ സംസ്ഥാന ഭാരവാഹികൾ, ജില്ലാ പ്രസിഡന്റുമാർ, ത്രിതല പഞ്ചായത്ത് മുനിസിപ്പൽ അദ്ധ്യക്ഷൻമാർ, സഹകരണ സംഘം പ്രസിഡന്റുമാർ, എന്നിവർ നേതൃസംഗമത്തിൽ പങ്കെടുക്കുമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി അറിയിച്ചു.