24.4 C
Pathanāmthitta
Friday, December 3, 2021 7:23 pm
Advertismentspot_img

ജില്ലാ വികസന സമിതി യോഗം ; പ്രളയത്തില്‍ നാശനഷ്ടം സംഭവിച്ച വീടുകളുടെ പുനര്‍നിര്‍മാണത്തിന് ധനസഹായം ലഭ്യമാക്കണം

പത്തനംതിട്ട : പ്രളയത്തില്‍ നാശനഷ്ടം സംഭവിച്ച പത്തനംതിട്ട ജില്ലയിലെ വീടുകളുടെ പുനര്‍നിര്‍മാണത്തിന് ധനസഹായം ലഭ്യമാക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ജില്ലാ വികസന സമിതി യോഗം അഭ്യര്‍ഥിച്ചു. പൂര്‍ണവും ഭാഗികവുമായി നാശനഷ്ടം സംഭവിച്ച വീടുകളുടെ പുനര്‍നിര്‍മാണത്തിന് ധനസഹായം അനുവദിക്കണമെന്ന് ഇതുസംബന്ധിച്ച പ്രമേയം അവതരിപ്പിച്ച അഡ്വ.മാത്യു ടി തോമസ് എംഎല്‍എ പറഞ്ഞു. മുഖ്യമന്ത്രിയുടെ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരമുള്ള പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കുന്നതിന് എല്‍എസ്ജിഡി എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് അഡ്വ.കെ.യു ജനീഷ് കുമാര്‍ എംഎല്‍എ നിര്‍ദേശിച്ചു.

പ്രളയകാലത്ത് ഒറ്റപ്പെട്ടു പോകുന്ന റാന്നി കുരുമ്പന്‍മൂഴിയില്‍ പാലം നിര്‍മിക്കുന്നതിനുള്ള നടപടികള്‍ മുന്‍ഗണന നല്‍കി വേഗം പൂര്‍ത്തിയാക്കണമെന്ന് അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. പ്രളയം, ഉരുള്‍പൊട്ടല്‍ എന്നിവ മൂലം സംരക്ഷണ ഭിത്തികള്‍ വലിയ തോതില്‍ തകരുന്ന കാര്യം സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടു വരണം. കുരുമ്പന്‍മൂഴിയില്‍ ഉരുള്‍പൊട്ടലിന് ഇരയായവരെ പുനരധിവസിപ്പിക്കുന്നതു സംബന്ധിച്ച് പഠിച്ച് നടപടി സ്വീകരിക്കണം. പമ്പാ നദിയുമായി ബന്ധപ്പെട്ട തോടുകളിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുകയും എക്കല്‍ അടിഞ്ഞുണ്ടായിട്ടുള്ള തടസങ്ങള്‍ നീക്കുകയും വേണം. ഇതിനായി ജനകീയ പങ്കാളിത്തത്തോടെ നടപടി സ്വീകരിക്കണം. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ഭാവിയില്‍ സ്വീകരിക്കേണ്ട നടപടികള്‍ പഠിക്കണമെന്നും എംഎല്‍എ പറഞ്ഞു. പ്രളയം ബാധിച്ച കോട്ടാങ്ങല്‍ പഞ്ചായത്ത്, മല്ലപ്പള്ളി ടൗണ്‍, ആനിക്കാട്, പുറമറ്റം എന്നിവിടങ്ങളിലുള്ളവര്‍ക്കും വ്യാപാരികള്‍ക്കും സഹായം ലഭ്യമാക്കണമെന്ന് ആന്റോ ആന്റണി എംപിയുടെ പ്രതിനിധി അഡ്വ. കെ. ജയവര്‍മ്മ പറഞ്ഞു.

തിരുവല്ല കെ.എസ്.ആര്‍.ടി.സി ഡിപ്പോയ്ക്കു മുന്‍പില്‍ പൈപ്പ് പൊട്ടി റോഡ് താഴുന്നതായും വാട്ടര്‍ അതോറിറ്റി അടിയന്തിര നടപടി എടുക്കണമെന്നും അഡ്വ.മാത്യു ടി തോമസ് എംഎല്‍എ നിര്‍ദേശിച്ചു. കറ്റോട് – തിരുമൂലപുരം, മനയ്ക്കച്ചിറ – കുറ്റൂര്‍ റോഡുകളിലെ റെയില്‍വേ അടിപ്പാതകളില്‍ വെള്ളക്കെട്ടു മൂലം ഗതാഗതം തടസപ്പെടുകയാണ്. റെയില്‍വേയുമായി ബന്ധപ്പെട്ട് ഇതിനു ശാശ്വത പരിഹാരം കാണണം. തിരുവല്ല ബൈപ്പാസിലെ തിരുവല്ല – മല്ലപ്പള്ളി റോഡ് ജംഗ്ഷനിലെ ട്രാഫിക് ലൈറ്റ് ശരിയാക്കുകയും അപകട മേഖലയാണെന്നത് കണക്കിലെടുത്ത് വാഹന വേഗം നിയന്ത്രിക്കുന്നതിനുള്ള സജ്ജീകരണം ഏര്‍പ്പെടുത്തുകയും ചെയ്യണം.

മുത്തൂര്‍ ജംഗ്ഷനിലെ സിഗ്നല്‍ ലൈറ്റ് പ്രവര്‍ത്തനക്ഷമമാക്കുന്നതും അപകട മേഖലയായതു കണക്കിലെടുത്ത് ടികെ റോഡില്‍ തോട്ടഭാഗം ജംഗ്ഷനില്‍ ട്രാഫിക് ലൈറ്റ് സ്ഥാപിക്കുന്നതും റോഡ് സേഫ്ടി കൗണ്‍സില്‍ പരിശോധിക്കണം. മഴുവങ്ങാടെയും ബിവണ്‍ബിവണ്‍ റോഡിലെയും വെള്ളക്കെട്ട് പരിഹരിക്കണം. അയ്യനാവേലി പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിക്കുന്നതിന് എംഎല്‍എ ഫണ്ടില്‍നിന്നും തുക അനുവദിക്കും. പെരിങ്ങര, ചാത്തങ്കേരി മേഖലയില്‍ കുടിവെള്ള വിതരണം മുടക്കമില്ലാതെ നടക്കുന്നെന്ന് വാട്ടര്‍ അതോറിറ്റി ഉറപ്പാക്കണം. കടപ്ര എസ്എന്‍ ആശുപത്രി ജംഗ്ഷന്‍, പുളിക്കീഴ് ജംഗ്ഷന്‍ എന്നിവിടങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് നടപടിയെടുക്കണം. പുളിക്കീഴ് ജംഗ്ഷനിലെ കൈയേറ്റം ഒഴിപ്പിക്കണം. ബഥേല്‍പടി – ചുമത്ര റോഡിന്റെ നിര്‍മാണ പ്രവൃത്തി വേഗമാക്കണമെന്നും എംഎല്‍എ നിര്‍ദേശിച്ചു.

ഏനാദിമംഗലം മുരുകന്‍ കുന്ന് കുടിവെള്ള പദ്ധതി നിര്‍മാണം അടിയന്തിരമായി ആരംഭിക്കണമെന്ന് അഡ്വ.കെ.യു ജനീഷ് കുമാര്‍ എംഎല്‍എ നിര്‍ദേശിച്ചു. കഴിഞ്ഞ രണ്ടു വര്‍ഷകാലയളവില്‍ മൈനര്‍ ഇറിഗേഷന് അനുവദിച്ച ഫണ്ടിന്റെ വിനിയോഗ വിവര റിപ്പോര്‍ട്ട് നല്‍കണം. വള്ളിക്കോട് പഞ്ചായത്തിലെ കൈപ്പട്ടൂര്‍ ശ്രീമഹാദേവ ക്ഷേത്രത്തിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള എസ്റ്റിമേറ്റ് നല്‍കണം. പ്ലാപ്പള്ളി – ആങ്ങമൂഴി റോഡ് പുനര്‍നിര്‍മാണം, കോന്നി കൊട്ടാരക്കടവ് പമ്പ് ഹൗസ്, ആവണിപ്പാറ പാലം നിര്‍മാണം തുടങ്ങിയ പ്രവര്‍ത്തികളും എംഎല്‍എ വിലയിരുത്തി. കല്ലേലി – ഊട്ടുപാറ റോഡില്‍ മഴ മാറിയാല്‍ ഉടന്‍ ടാറിംഗ് നടത്തുമെന്ന് പൊതുമരാമത്ത് നിരത്തു വിഭാഗം എംഎല്‍എയെ അറിയിച്ചു.

റാന്നിയിലെ ശബരിമല ഇടത്താവള നിര്‍മാണം ഉടന്‍ ആരംഭിക്കണമെന്നും ഇതുമായി ബന്ധപ്പെട്ട് പ്രത്യേക യോഗം വിളിക്കുമെന്നും അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. റാന്നി ജുഡീഷ്യല്‍ കോംപ്ലക്‌സ് മിനി സിവില്‍ സ്റ്റേഷനില്‍ സജ്ജമാക്കുന്നതിനുള്ള നടപടി വേഗമാക്കണം. റാന്നി മണ്ഡലത്തിന്റെ കിഴക്കന്‍ മേഖലയായ പെരുനാട്, വെച്ചൂച്ചിറ, നാറാണംമൂഴി എന്നിവിടങ്ങളിലേക്ക് കെ.എസ്.ആര്‍.ടി.സി കൂടുതല്‍ സര്‍വീസ് നടത്തുകയും യാത്രാ ക്ലേശം പരിഹരിക്കുകയും വേണം. കൊല്ലമുള എല്‍പിഎസില്‍ സൂക്ഷിച്ചിട്ടുള്ള നിര്‍മാണ വസ്തുക്കള്‍ നീക്കം ചെയ്യണം. പെരുനാട് പോലീസ് സ്‌റ്റേഷന്‍ നിര്‍മാണം ആരംഭിക്കണം. സ്ഥലം കണ്ടെത്തുന്നതിനായി പ്രത്യേക യോഗം വിളിക്കും. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തികള്‍ എല്ലാ വകുപ്പുകളും സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും എംഎല്‍എ പറഞ്ഞു.

എഴുമറ്റൂര്‍, കാഞ്ഞീറ്റുകര സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലെ സ്റ്റാഫ് പാറ്റേണ്‍ പുതുക്കുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരണമെന്ന് ആന്റോ ആന്റണി എംപിയുടെ പ്രതിനിധി അഡ്വ.കെ.ജയവര്‍മ്മ പറഞ്ഞു. എഴുമറ്റൂര്‍ – പടുതോട് – ബാസ്‌റ്റോ റോഡിന്റെ പുനരുദ്ധാരണം പൂര്‍ത്തിയാകുന്നതുവരെ ടോറസ് ലോറികള്‍ വഴിതിരിച്ചു വിടണം. മണ്ണാറക്കുളഞ്ഞി – ചാലക്കയം റോഡില്‍ കുമ്പളാംപൊയ്ക മുതല്‍ പെരുനാട് വരെയുള്ള ഭാഗം കാടുപിടിച്ചു കിടക്കുന്നത് പുനരുദ്ധരിക്കണം. പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിന്റെ നിര്‍മാണം പൂര്‍ത്തിയാക്കണം. കോവിഡ് കാലത്ത് നിര്‍ത്തിവച്ച കെ.എസ്.ആര്‍.ടി.സി യുടെ എല്ലാ സര്‍വീസുകളും പുനരാരംഭിക്കണം. പാരിസ്ഥിതിക ഭീഷണിയുള്ള ക്വാറികള്‍ ഉണ്ടെങ്കില്‍ അവയുടെ അനുമതി പുനപരിശോധിക്കണമെന്നും എംപിയുടെ പ്രതിനിധി പറഞ്ഞു.

വിദ്യാഭ്യാസ വായ്പകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് പ്രത്യേക യോഗം വിളിക്കുമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പറഞ്ഞു. കോവിഡ് മരണത്തെ തുടര്‍ന്നുള്ള ധനസഹായത്തിനായി നിലവില്‍ 604 അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. 130 എണ്ണം പരിശോധന പൂര്‍ത്തിയായി. 115 സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി. 43 എണ്ണം നിരസിച്ചു. അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേട്ടിന്റെ അധ്യക്ഷതയില്‍ ഇതിനായി കമ്മിറ്റി പ്രവര്‍ത്തിച്ചു വരുന്നു. ജില്ലയിലെ എല്ലാ ഓഫീസുകളുടേയും സേവനവും വിവരവും എന്റെ ജില്ലാ ആപ്പിലൂടെ ലഭ്യമാക്കുന്നുണ്ട്. ഈ സേവനം ജനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. എഡിഎം അലക്‌സ് പി തോമസ്, എല്‍എ ഡെപ്യുട്ടി കളക്ടര്‍ ടി.എസ് ജയശ്രീ, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു സി മാത്യു, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

- Advertisment -
Advertisment
Advertisment
- Advertisment -
- Advertisment -

Most Popular