പത്തനംതിട്ട : കേരളാ ബിൽഡിംഗ് ആന്റ് കൺസ്ട്രക്ഷൻ വെൽഫെയർ ബോർഡിന്റെ ഓഫീസുകളിൽ ജോലി ചെയ്യുന്ന 246 ദിവസ വേതനക്കാരെ പിന്‍ വാതിലിലൂടെ സ്ഥിരപ്പെടുത്തുവാൻ നീക്കം നടക്കുന്നുവെന്ന് ജില്ലാ കരിങ്കൽ ആന്റ് കൺസ്ട്രക്ഷൻ തൊഴിലാളി യൂണിയൻ ഐ.എൻ.റ്റി.യു.സി ജില്ലാ കമ്മറ്റി ആരോപിച്ചു. ഇതില്‍ 15 പേർ പത്തനംതിട്ട ജില്ലാ ഓഫീസിൽ നിന്നുള്ളവരാണ്. തുടർച്ചയായി 15 ദിവസം ജോലി ചെയ്ത് 16-ാം മത്തെ ദിവസം സർവ്വീസിന് ബ്രേക്ക് നൽകിയാണ് ഇവരെ സ്ഥിരമായി വരുന്നവർ എന്ന നിലയിൽ (2016 മുതൽ ഉള്ള കരാർ ജീവനക്കാർ) സ്ഥിരപ്പെടുത്തുവാൻ നീക്കം നടത്തുന്നത്. പബ്ലിക്ക് സർവ്വീസ് കമ്മീഷന്റെ നിയമപ്രകാരം ലോവർ ഡിവിഷൻ ക്ലാർക്കിന്റെ അടിസ്ഥാന യോഗ്യത +2 ആണെന്നിരിക്കേ ഇതിലെ ഭൂരിഭാഗം പേരുടെയും വിദ്യാഭ്യാസ യോഗ്യത എസ് എസ് എൽ സി മാത്രമാണ്.
പിൻവാതിൽ നിയമന നടപടി പുന:പരിശോധിച്ചില്ലെങ്കില്‍ പ്രത്യക്ഷ സമരപരിപാടികൾ ബോർഡ് ഓഫീസിന് മുമ്പിൽ നടത്തുവാൻ ഐ എൻ റ്റി യു സി ജില്ലാ കമ്മറ്റി തീരുമാനിച്ചു. നിലവിൽ ക്ഷേമനിധി ബോർഡിൽ അംഗങ്ങളായവർക്ക് 18 മാസക്കാലത്തെ പെൻഷൻ കുടിശ്ശികയും മറ്റ് ആനുകുല്യങ്ങളും ലഭിക്കാൻ ഉള്ളപ്പോഴാണ് ഇത്തരത്തിലുള്ള അനധികൃത നിയമനങ്ങൾക്കുള്ള നീക്കം നടക്കുന്നത്. യോഗം കെ പി സി സി അംഗം പി മോഹൻരാജ് ഉദ്ഘാടനം ചെയ്തു. ആർ സുകുമാരൻ നായര്‍ അദ്ധ്യക്ഷത വഹിച്ചു. അങ്ങാടിക്കൽ വിജയകുമാർ, സജി കെ സൈമൺ, അനീഷ് ഗോപിനാഥ്, പി കെ മുരളി, ജോർജ് മോഡി, ജോൺ മുണ്ടപ്പള്ളി, വിഷ്ണുപ്രസാദ്, രാജൻ പിള്ള, ശിവൻകുട്ടി, ശ്രീകുമാർ കെ തുടങ്ങിയവർ സംസാരിച്ചു.