പത്തനംതിട്ട: ശബരിമല അയ്യപ്പസ്വാമിയുടെ തിരുവാഭരണ പേടകവുമായി ഏഴ് പതിറ്റാണ്ടോളം പുണ്യയാത്ര നടത്തിയ പന്തളം തോന്നല്ലൂർ കുളത്തിനാൽ ഗംഗാധരൻ പിള്ള ഗുരുസ്വാമിയുടെ (92) നിര്യാണത്തിൽ പത്തനംതിട്ട ജില്ലാ പോലീസ് ആദരാഞ്ജലി അർപ്പിച്ചു. ജില്ലാ പോലീസ് മേധാവി ആർ ആനന്ദ് ഐപിഎസിൻ്റെ നേതൃത്വത്തിൽ ഗുരുസ്വാമിയുടെ ഭൗതികശരീരത്തിൽ പുഷ്പചക്രം സമർപ്പിച്ച് ആദരാഞ്ജലി അർപ്പിച്ചു. ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് ദീർഘകാലം വിശ്വാസപൂർവം നിർവഹിച്ച അദ്ദേഹത്തിന്റെ സേവനവും സമർപ്പണവും പോലീസ് മേധാവി അനുസ്മരിച്ചു.
പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ നിന്ന് ശബരിമലയിലേക്ക് പുറപ്പെടുന്ന തിരുവാഭരണ പേടകവാഹക സംഘത്തിലെ പ്രധാനിയായിരുന്നു ഗംഗാധരൻ പിള്ള. ഏകദേശം 71 വർഷം അദ്ദേഹം ഈ പുണ്യയാത്രയുടെ ഭാഗമായിരുന്നു. ഇതിൽ 20 വർഷത്തോളം ഗുരുസ്വാമിയായും പ്രവർത്തിച്ചു. അയ്യപ്പസ്വാമിയോടുള്ള അഗാധമായ ഭക്തിയും വ്രതനിഷ്ഠയും സമർപ്പണബോധവും ജീവിതത്തിന്റെ ഭാഗമാക്കിയ ഗംഗാധരൻ പിള്ള ഗുരുസ്വാമിയുടെ വിയോഗം ശബരിമല വിശ്വാസി സമൂഹത്തിനും പന്തളം നാടിനും വലിയ നഷ്ടമാണെന്ന് ചടങ്ങിൽ അനുസ്മരിച്ചു.































