മന്ദമരുതി : ഉന്നത നിലവാരത്തിൽ പുനരുദ്ധാരണ പ്രവർത്തനം ആരംഭിച്ച മന്ദമരുതി – കക്കുടുമൺ റോഡിന്റെ നിർമാണം പകുതിവഴിയിൽ നിലച്ചതോടെ യാത്രക്കാർ കടുത്ത ദുരിതത്തിൽ. നിർമാണം തുടങ്ങി നാളുകളേറെയായെങ്കിലും പാതിദൂരം പോലും ഇതുവരെ പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല. റോഡിന്റെ നീരാട്ടുകാവ് മുതൽ കക്കുടുമൺ വരെയുള്ള ഭാഗത്ത് ആദ്യഘട്ട ടാറിങ് പൂർത്തിയായിട്ടുണ്ട്. എന്നാൽ മന്ദമരുതി മുതൽ നീരാട്ടുകാവ് വരെയുള്ള ഭാഗത്ത് മെറ്റൽ വിരിച്ച നിലയിൽ ഉപേക്ഷിച്ചിരിക്കുകയാണ്.
മാസങ്ങളായി ഇത്തരത്തിൽ മെറ്റൽ ഇളകിക്കിടക്കുന്നത് കാരണം ഇതുവഴിയുള്ള യാത്ര കടുത്ത അപകടഭീഷണിയാണ് ഉയർത്തുന്നത്. ഇളകിക്കിടക്കുന്ന മെറ്റലിൽ കയറി ഇരുചക്രവാഹനങ്ങൾ തെന്നിവീണ് അപകടങ്ങൾ ഉണ്ടാകുന്നത് പതിവായിട്ടുണ്ട്. റോഡിന്റെ ദുരവസ്ഥ കാരണം പലരും ഈ വഴിയുള്ള യാത്ര പൂർണമായും ഉപേക്ഷിച്ച നിലയിലാണ്. കാൽനടയാത്രക്കാർക്കും പ്രായമായവർക്കും ഈ വഴിയിലൂടെ നടന്നുപോകാൻ പോലുമാകാത്ത സ്ഥിതിയാണുള്ളത്.
നാട്ടുകാരുടെ നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവിലാണ് റോഡ് ഉയർന്ന നിലവാരത്തിൽ നിർമിക്കാൻ നടപടിയായത്. എന്നാൽ നിർമാണം പാതിവഴിയിൽ നിലച്ചതോടെ ജനങ്ങളുടെ ദുരിതം ഇരട്ടിയാവുകയാണ് ചെയ്തത്. എത്രയും വേഗം ബാക്കി ഭാഗത്തെ ടാറിങ് പൂർത്തിയാക്കി റോഡ് ഗതാഗതയോഗ്യമാക്കാൻ ബന്ധപ്പെട്ട അധികൃതർ അടിയന്തരമായി ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
































