പത്തനംതിട്ട : ജില്ലയ്ക്ക് പ്രാധാന്യമുള്ള പദ്ധതികള്‍ ഏറ്റെടുത്ത് ഈ വര്‍ഷം തുടക്കം മുതലേ നല്ല പ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍ സാധിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. പ്രാദേശിക പദ്ധതികളുടെ അറിവുള്ളടക്കവും സാങ്കേതിക മികവും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ജില്ലാ ആസൂത്രണ സമിതിയുടെ ആഭിമുഖ്യത്തില്‍ രൂപീകരിച്ച ജില്ലാ റിസോഴ്‌സ് സെന്ററിന്റെ ആദ്യ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് പദ്ധതി നിര്‍വഹണം കൃത്യസമയത്ത് നടത്താന്‍ സാധിക്കണം. പദ്ധതി രൂപീകരണം താമസിക്കുന്നത് പഞ്ചായത്തുകളെ സാരമായി ബാധിക്കുന്നുണ്ട്. ആസൂത്രണ രംഗത്ത് മികവുറ്റ പ്രവര്‍ത്തനം കാഴ്ചവച്ചിട്ടുള്ള റിസോഴ്‌സ് സെന്റര്‍ അംഗങ്ങള്‍ക്ക് ജില്ലയിലെ പദ്ധതി പ്രവര്‍ത്തനങ്ങളെ ഏറെ സഹായിക്കാന്‍ കഴിയുമെന്നും പ്രസിഡന്റ് പറഞ്ഞു.
പൊതുവായ മാര്‍ഗനിര്‍ദേശം അല്ലാതെ നിലവിലെ പ്രക്രിയകളിലെ പാളിച്ചകള്‍ കണ്ടെത്തി പുതിയ പ്രോജക്ടുകള്‍ ക്രിയാത്മകമായും കാര്യക്ഷമമായും എങ്ങനെ നടപ്പാക്കും എന്ന മാര്‍ഗ നിര്‍ദേശമാണ് ജില്ലാ റിസോഴ്‌സ് സെന്ററില്‍ നിന്ന് ലഭിക്കേണ്ടത് എന്ന് ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പറഞ്ഞു. സാങ്കേതികമായും ശാസ്ത്രീയമായും വസ്തുനിഷ്ഠമായ പഠനത്തിലൂടെ പദ്ധതികള്‍ കൃത്യമായ ഗുണഭോക്താവില്‍ എത്തിച്ച് മാതൃകപരമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍ ജില്ലാ റിസോഴ്‌സ് സെന്ററിന് സാധിക്കണമെന്നും കളക്ടര്‍ പറഞ്ഞു. സേവനവും ഉപദേശവും നല്‍കാന്‍ തയാറായിട്ടുള്ള വിദഗ്ധര്‍, വികസന ഗവേഷണ സാങ്കേതിക സ്ഥാപനങ്ങളിലെയും സര്‍ക്കാര്‍ വകുപ്പുകളിലേയും പ്രൊഫഷണലുകള്‍ തുടങ്ങി അറുപത്തിയേഴ് അംഗങ്ങള്‍ അടങ്ങിയ ഒമ്പത് ഉപസമിതികളാണ് ജില്ലാ റിസോഴ്‌സ് സെന്ററില്‍ ഉള്ളത്.
കൃഷി, മത്സ്യക്കൃഷി, ജലസേചനം, മൃഗസംരക്ഷണം, ക്ഷീര വികസനം, വ്യവസായം, ഊര്‍ജം, വിനോദ സഞ്ചാരം, വനിതാ ശിശുക്ഷേമം, സാമൂഹ്യക്ഷേമം, സാമൂഹ്യ നീതി, വിദ്യാഭ്യാസം, കല, സംസ്‌കാരം, സ്‌പോര്‍ട്‌സ്, ആരോഗ്യം, ശുചിത്വം, മാലിന്യ സംസ്‌കരണം, കുടിവെള്ളം, പശ്ചാത്തല വികസനം – റോഡ് നിര്‍മാണം, ദുരന്ത നിവാരണം, ജൈവ വൈവിധ്യം, കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി സംരക്ഷണം, നദീസംരക്ഷണം, പട്ടികജാതി പട്ടികവര്‍ഗ വികസനം എന്നീ വിഷയങ്ങളിലാണ് ഉപസമിതി രൂപീകരിച്ചിരിക്കുന്നത്.
ജില്ലാ ആസൂത്രണ സമിതി ആവശ്യപ്പെടുന്ന വിഷയങ്ങളിലും മേഖലകളിലും വിശദമായ പഠനം നടത്തുക, സാങ്കേതിക ഉപദേശം നല്‍കുക, മാതൃകാ പ്രോജക്ടുകള്‍ കണ്ടെത്തി പഠന വിധേയമാക്കുക, സ്ഥിതിവിവര കണക്കുകള്‍ ക്രോഡീകരിക്കുക തുടങ്ങിയവയാണ് ജില്ലാ റിസോഴ്‌സ് സെന്ററിന്റെ ചുമതലകള്‍. ഉപസമിതികള്‍ കൂടി നൂതനമായ ആശയങ്ങള്‍ ഈ മാസം 20 ന് മുമ്പ് അറിയിക്കാനും തീരുമാനിച്ചു. റിസോഴ്‌സ് സെന്റര്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ഇറിഗേഷന്‍ വകുപ്പ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് എം.കെ വാസു, കണ്‍വീനറും സെക്രട്ടറിയുമായ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു സി മാത്യു, റിസോഴ്‌സ് സെന്റര്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.