തിരുവനന്തപുരം : ബസേലിയസ് സിസ്റ്റേഴ്‌സ് കോണ്‍വെന്റിലെ ദിവ്യയുടെ മരണവുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിനു പിന്നില്‍ മുന്‍ എസ്പി. തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലെ മാനേജര്‍ കൂടിയാണ് ഇദ്ദേഹം. ദിവ്യയുടെ പോസ്റ്റ്‌മോര്‍ട്ടം കോട്ടയം മെഡിക്കല്‍ കോളേജില്‍ പൂര്‍ത്തിയാകും മുമ്പ് മുങ്ങി മരണമാണെന്ന് മാധ്യമങ്ങള്‍ക്ക് വാര്‍ത്ത നല്‍കി. മുന്‍ എസ്പിയുടെ ഇടപെടലിനെ തുടര്‍ന്ന് തിരുവല്ല പോലീസാണ് വാര്‍ത്ത നല്‍കിയത്.
ഇതോടെ ചാനലുകളില്‍ ഫ്‌ളാഷ് ന്യൂസുമെത്തി. വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കാന്‍ ഒരാഴ്ചയെങ്കിലും സമയമെടുക്കും എന്നിരിക്കെയാണ് മുന്‍ എസ്പിയുടെ ഇടപെടലിനെ തുടര്‍ന്ന് വ്യാജവാര്‍ത്ത പടച്ചുവിട്ടത്. മലങ്കര കത്തോലിക്കാ സഭയ്ക്കു കീഴിലുള്ള കോണ്‍വെന്റിലാണ് സംഭവം നടന്നിരിക്കുന്നത്. സംഭവത്തില്‍ ആദ്യം മുതലെ പോലീസ് ഉഴപ്പന്‍ മട്ടാണ് അന്വേഷണത്തില്‍ നടത്തിയത്. മുന്‍ എസ്പിയുടെ ഇടപെടലാണ് ഇതിനു കാരണമെന്നാണ് ഇപ്പോള്‍ ഉയരുന്ന പരാതി.
മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് പോലീസ് നായയെ എത്തിക്കാന്‍ വൈകി. മാത്രമല്ല ഫോറന്‍സിക് വിദഗ്ധരെയും എത്തിച്ചില്ല. ദിവ്യയുടെ മരണത്തില്‍ ദുരൂഹത നിലനില്‍ക്കെ ശാസ്ത്രീയമായ പരിശോധനകള്‍ നടത്താന്‍ പോലീസ് തയാറായില്ല എന്നു മാത്രമല്ല ധൃതിവെച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം അടക്കം ചെയ്തു. ശാസ്ത്രീയ പരിശോധന നടത്തുന്നതിനുള്ള യാതൊരു തെളിവു ശേഖരണവും നടത്തിയില്ല. ആന്തരികാവയവങ്ങളാണ് ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുക. എന്നാല്‍ ഇതൊന്നും ചെയ്തിട്ടില്ല. ഉന്നത ഇടപെടലാണ് ഇതിനു പിന്നിലെന്നാണ് പരാതി. പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണം നടന്നത് എപ്പോഴാണെന്നു പോലും പറയുന്നില്ല. സാധാരണ ഒരാള്‍ മരിച്ചത് എത്ര മണിക്കൂര്‍ മുമ്പാണെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ അറിയാനാകും.
ഇതൊന്നും റിപ്പോര്‍ട്ടില്‍ പറയുന്നില്ല. ഇക്കാരണങ്ങള്‍ കൊണ്ടാണ് ദിവ്യയുടെ മരണവുമായി ബന്ധപ്പെട്ട് മുന്‍ എസ്പിയുടെ ഇടപെടല്‍ സംശയിക്കാന്‍ കാരണമെന്ന് പൊതു പ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ പറഞ്ഞു. മരണത്തില്‍ ദുരൂഹതയാരോപിച്ച് രംഗത്തു വന്നവരെ ഈ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നിരവധി തവണ ഫോണിലൂടെ ബന്ധപ്പെട്ടിരുന്നു.
മരണത്തില്‍ ദുരൂഹതയില്ലെന്നും മുങ്ങിമരണം തന്നെയാണെന്നും മറ്റ് ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നായിരുന്നു മുന്‍ എസ്പിയുടെ ന്യായീകരണം. കിണറ്റില്‍ നിന്ന് പുറത്തെടുത്തപ്പോള്‍ ജീവനുണ്ടായിരുന്നുവെന്ന് ഫോണ്‍ സംഭാഷണത്തിനിടെ ഈ ഉദ്യോഗസ്ഥന്‍ സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നുണ്ട്. അതുകൊണ്ടാണ് പുഷ്പഗിരി ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ അതുസംബന്ധിച്ച് പരാതിക്കാര്‍ ചില സംശയങ്ങള്‍ മുന്നോട്ടു വച്ചപ്പോള്‍ മറ്റൊന്നും പറയാതെ ഈ ഉദ്യോഗസ്ഥന്‍ ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു. എന്നാല്‍ ദിവ്യയ്ക്ക് ജീവനില്ലായിരുന്നുവെന്നാണ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറയുന്നത്.