ചെന്നൈ : ഡിഎംകെ നേതാവ് ജെ.അന്‍പഴകന്‍ എംഎല്‍എ (61) കോവിഡ് ബാധിച്ച് മരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. തമിഴ്‌നാട്ടില്‍ കോവിഡ് സ്ഥിരീകരിച്ച ആദ്യ ജനപ്രതിനിധി കൂടിയായിരുന്നു അന്‍പഴകന്‍. ഡിഎംകെയുടെ ജില്ലാ സെക്രട്ടറിമാരിലൊരാള്‍ കൂടിയായ അന്‍പഴകനെ ജൂണ്‍ രണ്ടിനാണ് ശ്വാസതടസ്സത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നേരത്തെയുണ്ടായിരുന്ന വൃക്കരോഗവും ഇതിനിടെ വഷളായി. 15 വര്‍ഷം മുന്‍പ് അന്‍പഴകന്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
ചികില്‍സയ്ക്കിടെ നേരിയ പുരോഗതി കണ്ടെങ്കിലും തിങ്കളാഴ്ചയോടെ നില അതീവഗുരുതരമാകുകയും വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചതായും അദ്ദേഹത്തെ ചികില്‍സിച്ച റെലെ ഇന്‍സ്റ്റിറ്റിയൂട്ട് ആന്‍ഡ് മെഡിക്കല്‍ സെന്റര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ചെപ്പോക്ക് തിരുവല്ലിക്കേനി മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ ആണ് ഇദ്ദേഹം.
കോവിഡിന്റെ പശ്ചാത്തലത്തില്‍ ഡിഎംകെ എപ്രില്‍ 20 മുതല്‍ തമിഴ്‌നാട്ടില്‍ സംഘടിപ്പിച്ച ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും സജീവമായി ഇദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. എം.എല്‍.എയ്ക്കു കോവിഡ് പകര്‍ന്നതെങ്ങനെയാണെന്ന് ഇതുവരെ വ്യക്തത വന്നിട്ടില്ല. ഡിഎംകെ രൂപീകരണം മുതല്‍ പാര്‍ട്ടിയുടെ നേതൃനിരയിലുണ്ടായിരുന്ന ജയരാമന്റെ മകനാണ് അന്‍പഴകന്‍. സിനിമാ നിര്‍മാതാവ് കൂടിയായ അന്‍പഴകന്‍ 2013 ല്‍ ജയം രവിയെ നായകനാക്കി ‘ആദി ഭഗവാന്‍’ എന്ന ചിത്രം നിര്‍മ്മിച്ചിരുന്നു.