കൊല്ലം: ശസ്ത്രക്രിയയ്ക്ക് വിധേയയായ പെണ്‍കുട്ടി മരിച്ചതിനെത്തുടര്‍ന്ന് മനോവിഷമത്തിലായിരുന്ന ഡോക്ടര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. ഡോക്ടര്‍ക്ക് ജീവന് ഭീഷണിയുണ്ടായിരുന്നോ എന്നും ആരെങ്കിലും ഡോക്ടറെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നോ എന്നും അന്വേഷിക്കും.
കടപ്പാക്കട അനൂപ് ഓര്‍ത്തോ കെയര്‍ ഉടമ, ടൗണ്‍ ലിമിറ്റ് പ്രതീക്ഷ നഗര്‍-31 ഭദ്രശ്രീയില്‍ ഡോ. ഉണ്ണിക്കൃഷ്ണന്റെയും രതീഭായിയുടെയും മകന്‍ ഡോ. അനൂപ് കൃഷ്ണന്‍ (37) ആണ് വ്യാഴാഴ്ച രാവിലെ കൈഞരമ്പ് മുറിച്ചശേഷം തൂങ്ങിമരിച്ചത്.
ശുചിമുറിയുടെ ചുമരില്‍ രക്തം കൊണ്ട് ‘സോറി’ എന്നെഴുതിയിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് കിളികൊല്ലൂര്‍ പോലീസ് കേസെടുത്തു. ഒരാഴ്ചയായി സമൂഹമാധ്യമങ്ങളില്‍ തന്നെയും കുടുംബത്തെയും കുറിച്ച് വരുന്ന ആരോപണങ്ങളില്‍ അനൂപ് ഏറെ അസ്വസ്ഥനായിരുന്നെന്നു സുഹൃത്തുക്കള്‍ പറയുന്നു.
ഫോണിലൂടെയും അനൂപിനെ പലരും വിളിച്ച് ബുദ്ധിമുട്ടിച്ചിരുന്നതായി സഹപ്രവര്‍ത്തകര്‍ പറയുന്നു. ബുധനാഴ്ചയും ഒരു രാഷ്‌ട്രീയ നേതാവ് ആശുപത്രിയിലെത്തി ഡോക്ടറെ കണ്ടിരുന്നു. ഇതിനുശേഷം അനൂപിനെ കാണാനില്ലെന്നു കാണിച്ച് കൊല്ലം ഈ പോലീസില്‍ ഭാര്യ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് അനൂപിനെ രാത്രി വൈകി വര്‍ക്കലയില്‍ കണ്ടെത്തി.
വ്യാഴാഴ്ച രാവിലെ, താന്‍ വൈകീട്ട് ആശുപത്രിയിലെത്തുമെന്ന് ജീവനക്കാരുടെ ഗ്രൂപ്പില്‍ സന്ദേശമയയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഉച്ചയ്ക്ക് ഒരുമണിയോടെ അനൂപിനെ ആത്മഹത്യചെയ്തനിലയില്‍ കണ്ടത്തുകയായിരുന്നു.
കഴിഞ്ഞ 23ന് അനൂപിന്റെ ഉടമസ്ഥതയിലുള്ള ആശുപത്രിയില്‍ കാലിന്റെ വളവ് മാറ്റാന്‍ ശസ്ത്രക്രിയയ്ക്കു വിധേയയായ 7 വയസ്സുകാരി ഹൃദയാഘാതത്തെത്തുടര്‍ന്നു മരിച്ച സംഭവമുണ്ടായിരുന്നു. കുട്ടിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചികിത്സപ്പിഴവ് ആരോപിച്ചു ബന്ധുക്കള്‍ പോലീസിനു പരാതി നല്‍കിയിരുന്നു. മൃതദേഹവുമായി ആശുപത്രിയുടെ മുന്നില്‍ പ്രതിഷേധിക്കാന്‍ ശ്രമിച്ചവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുകയും ചെയ്തു.
ചികിത്സപ്പിഴവുമൂലമാണ് കുട്ടി മരിച്ചതെന്നു കാട്ടി ബന്ധുക്കള്‍ കൊല്ലം ഈസ്റ്റ് പോലീസില്‍ പരാതി നല്‍കി. ഇതില്‍ കൊല്ലം അസിസ്റ്റന്റ് പോലീസ് കമ്മിഷണര്‍ എ.പ്രദീപ്‌കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം നടന്നുവരികയായിരുന്നു.