കൊട്ടിയം: കോവിഡ് രോഗബാധിതരുടെ വീട്ടില്‍ രോഗലക്ഷണങ്ങളോടെ ചത്ത വളര്‍ത്തുനായെ പോസ്റ്റ്മാര്‍ട്ടം നടത്തിയ വെറ്ററിനറി സര്‍ജന് കോവിഡ് ബാധ സ്ഥിരീകരിച്ചു. ഡോക്ടറുടെ സമ്പര്‍ക്കം കാരണം മയ്യനാട് മൃഗാശുപത്രി അടച്ചു.
മയ്യനാട് പഞ്ചായത്തിലെ 18ാം വാര്‍ഡ് കാഞ്ഞാംകുഴി ഭാഗത്ത് ഒരു വീട്ടിലെ വളര്‍ത്തുനായാണ് ചത്തത്. ഇവിടെ ഗൃഹനാഥനും ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്നു. ഇതിനിടെയാണ് വളര്‍ത്തുനായ് വയറിളക്കവും ശ്വാസതടസ്സവും അനുഭവപ്പെട്ട് ഇക്കഴിഞ്ഞ വ്യാഴാഴ്ച പെട്ടെന്ന് ചത്തത്.
മയ്യനാട് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്‍റ് അധികൃതര്‍ ഇടപെട്ട് നായെ പോസ്റ്റ്മാര്‍ട്ടം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. ജില്ല വെറ്ററിനറി കേന്ദ്രത്തില്‍ നിന്നുള്ള വിദഗ്ധസംഘമെത്തിയാണ് നായെ പോസ്റ്റ്മോര്‍ട്ടം ചെയ്തത്. രാസപരിശോധനയടക്കം വിശദ പരിശോധനകള്‍ക്ക് ഭോപ്പാലിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. പരിശോധന ഫലം എത്തിയിട്ടില്ല.