ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കെത്തിയ ഡോക്ടര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമെതിരെ ജനക്കൂട്ടം ആക്രമമഴിച്ചുവിട്ടു. ഇന്‍ഡോറിലെ ടാറ്റ്പാട്ടി ബഖാല്‍ പ്രദേശത്ത് വെച്ചാണ് ഡോക്ടര്‍മാരെ ജനങ്ങള്‍ കല്ലെറിഞ്ഞും മറ്റും ആക്രമിച്ചത്. കോവിഡ് ബാധിതരുമായി ബന്ധപ്പെട്ടവരുടെ ആരോഗ്യ കാര്യങ്ങള്‍ അന്വേഷിച്ചറിയാനായി എത്തിയപ്പോഴായിരുന്നു ആക്രമണം. രണ്ട് വനിതാ ഡോക്ടര്‍മാര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. പോലീസെത്തിയാണ് ഇവരെ ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തില്‍ നിന്ന് രക്ഷിച്ചത്.
ഭയന്ന് ഓടുന്ന ഡോക്ടര്‍മാര്‍ക്കു പിന്നാലെ ഓടിയടുക്കുന്ന ജനക്കൂട്ടം അവര്‍ക്കു നേരെ കല്ലെറിയുന്നതിന്റെ ദൃശ്യം പുറത്തു വന്നിട്ടുണ്ട്. ടാറ്റ്പാട്ടി ബഖാല്‍ മേഖലയില്‍ രണ്ട് പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. 54 കുടുംബങ്ങളെ ഇവിടെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. എന്നാല്‍ ജനങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകരുമായി സഹകരിക്കുന്നില്ല. ഉദ്യോഗസ്ഥര്‍ക്ക് നേരെ റാണിപുര പ്രദേശത്തെ ജനങ്ങള്‍ തുപ്പുകയും അധിക്ഷേപിക്കുകയും ചെയ്തതായുള്ള വാര്‍ത്ത രണ്ട് ദിവസം മുമ്പ് പുറത്തു വന്നിരുന്നു.