ആലുവ : നാണയം വിഴുങ്ങിയ മൂന്ന് വയസുകാരന്‍ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ മരണകാരണം നാണയം വിഴുങ്ങിയതാകില്ലെന്ന് ഡോക്ടര്‍മാര്‍. അതിനാല്‍ മരണകാരണം കണ്ടെത്താന്‍ കൂടുതല്‍ പരിശോധന ആവശ്യമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. എക്സ്റേ പരിശോധനയില്‍ കുട്ടിയുടെ ആമാശയത്തില്‍ വിഴുങ്ങിയ നാണയം തങ്ങിയിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. എറണാകുളം മെഡിക്കല്‍ കോളേജിലും ഈ എക്സ്റേ കണ്ടിട്ടാണ് പേടിക്കാനില്ലെന്നും പഴവും, ചോറും കൊടുക്കാന്‍ പറഞ്ഞതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. കുട്ടിക്ക് അസ്വസ്ഥതകള്‍ ഒന്നുമുണ്ടായില്ലെന്നും ആശുപത്രി സൂപ്രണ്ട് പ്രതികരിച്ചു.
നാണയം ആമാശത്തില്‍ എത്തിയതിനാല്‍ അപകടമില്ലെന്ന് രണ്ട് ഡോക്ടര്‍മാരും നിലപാടെടുത്തു. കുട്ടിക്ക് ശ്വാസതടസ്സം ഉണ്ടായിരുന്നുമില്ല. ഇന്നലെയാണ് കൊടുങ്ങല്ലൂര്‍ സ്വദേശികളായ ദമ്പതികളുടെ മകന് പൃഥ്വിരാജ് നാണയം വിഴുങ്ങിയത് മൂലം മരിച്ചത്. കോവിഡ് നിയന്ത്രിത മേഖലയില്‍ നിന്നാണ് കുട്ടിയും കുടുംബവും എത്തിയതെന്ന് പറഞ്ഞ് ഇവരെ തിരിച്ചയക്കുകയായിരുന്നുവെന്ന് മാതാപിതാക്കള്‍ പറയുന്നത്.