ചെന്നൈ: ഭക്ഷണം നല്‍കാന്‍ വൈകിയതിന് ഫാം ഹൗസ് ജീവനക്കാരനെ നായ്ക്കള്‍ കടിച്ചുകൊന്നു. ചെന്നൈ ചിദംബരത്തിന് സമീപത്തായിരുന്നു ദാരുണ സംഭവം. 58കാരനായ ജീവാനന്ദമാണ് മരിച്ചത്. പ്രാദേശിക കോണ്‍ഗ്രസ് നേതാവ് വിജയസുന്ദരത്തിന്റെ ഫാം ഹൗസിലെ ജീവനക്കാരനായിരുന്നു ഇയാള്‍. റോട്‌വീലര്‍ ഇനത്തില്‍പ്പെട്ട നായ്ക്കളാണ് ജീവാനന്ദന്റെ ജീവനെടുത്തത്.
ജോലിത്തിരക്കുമൂലം രാവിലത്തെ ഭക്ഷണം നല്‍കാന്‍ കഴിഞ്ഞില്ല. ഉച്ചയ്ക്ക് ഭക്ഷണം നല്‍കാന്‍ എത്തിയപ്പോഴായിരുന്നു ആക്രമണം. ഭക്ഷണം നല്‍കാനായി കൂടിന്റെ വാതില്‍ തുറക്കവെ നായ്ക്കള്‍ ജീവാനന്ദത്തിന് നേരേ കുതിച്ചുചാടി. രക്ഷപെടാനായി അയാള്‍ ഓടിയപ്പോള്‍ പിന്തുടര്‍ന്നെത്തി ആക്രമിക്കുകയായിരുന്നു. തലയും കഴുത്തും പൂര്‍ണമായും കടിച്ചുപറിച്ചു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴുത്തിനേറ്റ ആഴത്തിലുളള മുറിവുകളാണ് മരണകാരണം. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
ആക്രമണ സ്വഭാവം കൂടിയ നായ്ക്കളാണ് റോട്‌വീലറുകള്‍. ഒരാളോടുമാത്രമാണ് സാധാരണ ഇവ ഇണങ്ങുക. ജര്‍മ്മനിയിലെ റോട്ട് വെല്‍ എന്ന സ്ഥലത്താണ് ജന്മം കൊണ്ടത്. യുദ്ധത്തിനും കന്നുകാലികളെ പരിപാലിക്കുന്നതിനും നായാട്ടിനുമാണ് പ്രധാനമായും ഉപയോഗിക്കുന്നത്. വലിയ നായകളെ വളര്‍ത്തി പരിചയമില്ലാത്തവര്‍ ഇവയെ വീട്ടുമൃഗമായി വളര്‍ത്തുന്നതിനെ അധികൃതര്‍ നിരുത്സാഹപ്പെടുത്തുന്നു. പരിപാലിക്കുന്ന കാര്യത്തില്‍ ഉടമ കാര്‍ക്കശ്യവും കണിശതയും കാണിച്ചില്ലെങ്കില്‍ ഇവറ്റകള്‍ ഉടമയുടെ നേതാവായി സ്വയം മാറും. അതാണ് ജീവാനന്ദത്തിനും സംഭവിച്ചത്. നേരത്തേയും റോട്‌വീലറുകളുടെ ആക്രമണത്തിന് ഇന്ത്യയിലുള്‍പ്പടെ നിരവധി പേര്‍ ഇരയായിട്ടുണ്ട്.