പൂച്ചാക്കൽ: ഭക്ഷ്യഎണ്ണ ഇറക്കുമതി വർധിച്ചതോടെ നാടൻ തേങ്ങയുടെ വിലയിടിവ് കേരകർഷകരെ പ്രതിസന്ധിയിലാക്കി. പെരുമ്പളം ഉൾപ്പെടെ സ്ഥലങ്ങളിലെ പ്രധാന വരുമാനമായിരുന്നു തെങ്ങ് കൃഷി. 45 ദിവസം കൂടുമ്പോൾ തേങ്ങയിട്ട് ഗാർഹിക ആവശ്യങ്ങൾക്കും മറ്റു ജീവിതച്ചെലവുകൾക്കും വക കണ്ടെത്തിയിരുന്നതാണ്. ഒരേക്കറും അരയേക്കറും ഉള്ളവർ തേങ്ങകൊണ്ടാണ് ജീവിച്ചിരുന്നത്. എന്നാൽ, നാടൻ തേങ്ങക്ക് വില കുറഞ്ഞതോടെ പലരും കൃഷി ശ്രദ്ധിക്കാതെയുമായി. പെരുമ്പളത്തെ ഒരു വാർഡിൽതന്നെ എട്ടും പത്തും കെട്ടുതെങ്ങു സംഘങ്ങൾ ഉണ്ടായിരുന്നു. ഇതിൽ അംഗമായാൽ 45 ദിവസം കൂടുമ്പോൾ കൃത്യമായി തേങ്ങ ഇടുകയും നല്ല വില കിട്ടുകയും ചെയ്യും.
ഇതോടൊപ്പം വിവാഹ ആവശ്യത്തിനും വീട് നിർമാണത്തിനും മറ്റും സംഘം വായ്പ നൽകിയിരുന്നു. അഞ്ചോ പത്തോ വർഷം കഴിയുമ്പോൾ സംഘം കാലാവധി തീരുന്ന മുറക്ക് വായ്പ കുടിശ്ശിക ഇല്ലെങ്കിൽ ഓരോ അംഗത്തിനും ലാഭവിഹിതം കൈമാറിയിരുന്നു. കച്ചവടക്കാർക്കും കൊപ്ര മില്ലുകാർക്കും പെരുമ്പളത്തെ കൊപ്രക്കും തേങ്ങക്കും ഡിമാൻഡായിരുന്നു. 15 കിലോ കൊപ്ര ആട്ടിയാൽ 10.500 കിലോ വെളിച്ചെണ്ണ ഉറപ്പായും ലഭിച്ചിരുന്നു. എന്നാൽ, വിലയിടിഞ്ഞതോടെ കർഷകർ തെങ്ങിന് സംരക്ഷണം നൽകാതായതോടെ കൊപ്രക്ക് ഒമ്പത് കിലോക്കടുത്ത് വെളിച്ചെണ്ണയേ ലഭിക്കുന്നുള്ളൂ. തെങ്ങു രോഗങ്ങളും പ്രതിസന്ധിയിലാക്കി. ചെമ്പൻ ചെല്ലി, കൂമ്പു ചീയൽ, ഓലമങ്ങളിപ്പ്, മണ്ഡരി തുടങ്ങിയ രോഗങ്ങൾക്ക് ഇന്നും ഫലപ്രദമായ പ്രതിവിധി ലഭ്യമല്ല.