വാഷിങ്ടണ്‍: ഇറാനിൽ യുഎസ് ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ അമേരിക്കയുടെ നിരീക്ഷണ ശേഷിയെക്കുറിച്ച് അവകാശവാദവുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനിൽ നടക്കുന്ന എല്ലാ നീക്കങ്ങളും അമേരിക്ക പൂർണ്ണമായി നിരീക്ഷിക്കുന്നുണ്ടെന്ന് ട്രംപ് പറഞ്ഞു. ആവശ്യമുള്ളപ്പോഴൊക്കെ ഇറാനിൽ കൂടുതൽ ആക്രമണങ്ങൾ നടത്താൻ യുഎസ് സജ്ജമാണെന്നും ഓവൽ ഓഫീസിൽ നടന്ന വാർത്താ സമ്മേളനത്തിൽ ട്രംപ് പറഞ്ഞു. ഇറാന് നേരെ നടത്തിയ തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്ക് ശേഷമായിരുന്നു ട്രംപിന്റെ പ്രതികരണം.ഞങ്ങൾ അവരെ തകർത്തു എന്ന് പറഞ്ഞ ട്രംപ്, കഴിഞ്ഞ ആറ് മാസമായി തെഹ്റാൻ തടസ്സപ്പെടുത്തിയിരുന്ന തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഇപ്പോൾ അമേരിക്കയ്ക്കാണന്നും അവകാശപ്പെട്ടു.
“ദിവസേന ദശലക്ഷക്കണക്കിന് ബാരൽ എണ്ണയുമായി ധാരാളം കപ്പലുകൾ ഞങ്ങൾ പുറത്തെത്തിക്കുന്നുണ്ട്. വലിയ തടസ്സങ്ങളില്ലാതെയാണ് ഇതെല്ലാം നടക്കുന്നത്. അവർ വല്ലപ്പോഴും അയക്കുന്ന ഡ്രോണുകൾ ഞങ്ങൾ വെടിവെച്ചിടുന്നുമുണ്ട്. ഞങ്ങൾക്ക് അവിടെ വളരെ ശക്തമായ നിയന്ത്രണമുണ്ട്”-ട്രംപ് പറഞ്ഞു. ഹോർമുസ് കടലിടുക്കിൽ ഇറാൻ തങ്ങളുടെ റഡാർ, മിസൈൽ സംവിധാനങ്ങളും മൈൻ വിന്യാസങ്ങളും പുനഃസ്ഥാപിക്കാൻ ശ്രമിക്കുകയാണെന്നും യു.എസ് ആക്രമണത്തിൽ ഇവ തകർത്തതായും ട്രംപ് അവകാശപ്പെട്ടു. “അവർ ചെയ്യുന്നതെല്ലാം ഞങ്ങൾ കാണുന്നുണ്ട്. ഞങ്ങൾക്ക് കാണാൻ സാധിക്കാതെ അവർക്ക് അനങ്ങാൻ കഴിയില്ല, ബാത്ത്റൂമിൽ പോകാൻ പോലും കഴിയില്ല. അങ്ങനെ ഞങ്ങളത് കണ്ടു, തകർത്തു”- അമേരിക്കയുടെ നിരീക്ഷണ ശേഷിയെക്കുറിച്ച് ട്രംപിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.































