കൊച്ചി: വാഹനാപകടവുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരത്തിനായി അപേക്ഷ നൽകാൻ വൈകിയെന്ന പേരിൽ മാത്രം അത് തള്ളാനാവില്ലെന്ന് ഹൈക്കോടതി. മോട്ടോർ വാഹന നിയമപ്രകാരം അപേക്ഷ സമർപ്പിക്കുന്നതിന് സമയപരിധി ഏർപ്പെടുത്തിയിരുന്നില്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് പി.എം. മനോജിന്‍റെ ഉത്തരവ്. വാഹനാപകടത്തിന് ഇരയാകുന്നവർക്ക് നഷ്ടപരിഹാരം ഉറപ്പാക്കുക എന്നതാണ് നിയമത്തിന്‍റെ ഉദ്ദേശ്യലക്ഷ്യം. അതിനാൽ സാങ്കേതിക കാരണങ്ങളാൽ അപേക്ഷ നിഷേധിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
13 വർഷത്തിന് ശേഷമാണ് നഷ്ടപരിഹാരത്തിന് അപേക്ഷ നൽകിയതെന്ന് ചൂണ്ടിക്കാട്ടി മോട്ടോർ ആക്സിഡന്‍റ് ക്ലെയിംസ് ട്രൈബ്യൂണൽ (എം.എ.സി.ടി) അപേക്ഷ തള്ളിയതിനെതിരെ ആലപ്പുഴ സ്വദേശി സന്തോഷ് കുമാർ സമർപ്പിച്ച അപ്പീൽ ഹർജി അനുവദിച്ചാണ് ഉത്തരവ്. 2003 ആഗസ്റ്റിലുണ്ടായ ബൈക്കപകടത്തിൽ ഗുരുതര പരിക്കേറ്റ ഹർജിക്കാരന് 30 ശതമാനം കാഴ്ചവൈകല്യം സംഭവിച്ചിരുന്നു. കാലതാമസത്തിന് കൃത്യമായ കാരണം ബോധിപ്പിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രൈബ്യൂണൽ അപേക്ഷ തള്ളിയത്.































