വാഷിങ്ങ്ടൺ : അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനെതിരായ ഇംപീച്ച്മെന്റ് പ്രമേയം സെനറ്റ് തള്ളി. ട്രംപ് അധികാര ദുര്‍വിനിയോഗം നടത്തിട്ടില്ലെന്നും അതുകൊണ്ടു തന്നെ കുറ്റവിമുക്തനാണെന്നുമാണ് സെനറ്റിന്റെ വിധി. ജനപ്രതിനിധി സഭയില്‍ ഇംപീച്ച്മെന്റ് പ്രമേയം അംഗീകരിച്ചതിനെ തുടര്‍ന്നായിരുന്നു സെനറ്റിലെ കുറ്റവിചാരണ. നാല് മാസം നീണ്ട ഇംപീച്ച്മെന്റ് വിചാരണകള്‍ക്ക് ശേഷം ട്രംപ് കുറ്റവിമുക്തനായിരിക്കുന്നു.
സെനറ്റിലെ ട്രംപിന്റെ വിജയം ഒട്ടും അപ്രതീക്ഷിതമായിരുന്നില്ല. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള സെനറ്റില്‍ വിധി ട്രംപിന് അനുകൂലമാകുമെന്നു തന്നെയായിരുന്നു പ്രതീക്ഷ. അധികാര ദുർവിനിയോഗം കോൺഗ്രസിന്റെ പ്രവർത്തനം തടസ്സപ്പെടുത്തല്‍ എന്നിവയായിരുന്നു ട്രംപിനെതിരായ കുറ്റങ്ങള്‍. സെനറ്റില്‍ രണ്ടിനും വെവ്വേറെ വോട്ടെടുപ്പ് നടത്തി . അധികാര ദുര്‍വിനിയോഗം കുറ്റത്തില്‍ നിന്ന് 48-നെതിരെ 52 വോട്ടുകള്‍ക്കും കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തിയെന്ന കുറ്റത്തില്‍ നിന്ന് 47-നെതിരെ 53 വോട്ടുകള്‍ക്കും പ്രമേയം തള്ളി.എന്നാല്‍ റിപ്പബ്ലിക്കന്‍ സെനറ്റര്‍ മിറ്റ് റോമ്നി സ്വന്തം പാര്‍ട്ടിക്കാരനായ ഒരാളെ പുറത്താക്കാനുളള പ്രമേയത്തെ അനുകൂലിച്ചത് അമേരിക്കന്‍ ചരിത്രത്തിലെ തന്നെ ആദ്യ സംഭവമായി മാറി. അതേസമയം ഇംപീച്ച്മെന്റ് നടപടിയിലെ തന്റെ വിജയത്തെ കുറിച്ച് നാളെ പ്രതികരിക്കുമെന്ന് ട്രംപ് ട്വീറ്റ് ചെയ്തു. അമേരിക്കന്‍ പ്രസിഡന്റായി എക്കാലവും താന്‍ തന്നെ തുടരുമെന്ന് സൂചിപ്പിക്കുന്ന വീഡിയോയും ഡോണള്‍ഡ് ട്രംപ് ഷെയര്‍ ചെയ്തിട്ടുണ്ട്
ഡെമോക്രാറ്റിക് നേതാവ് ജോ ബൈഡനും മകനും നേരെ അന്വേഷണം നടത്താന്‍ യുക്രൈനുമേല്‍ സമ്മര്‍ദം ചെലുത്തിയെന്ന കേസിലാണ് ട്രംപിനുനേരെയുളള ഇംപീച്ച്‌മെന്റ് നടപടിക്ക് തുടക്കം. 2019 ഡിസംബര്‍ 18നായിരുന്നു ഡെമോക്രാറ്റുകൾക്കു ഭൂരിപക്ഷമുള്ള യുഎസ് ജനപ്രതിനിധി സഭയിൽ ട്രംപിനെതിരായ ഇംപീച്ച്മെന്റ് പ്രമേയം അംഗീകരിച്ചത്. തുടര്‍ന്നായിരുന്നു സെനറ്റിലെ വിചാരണ. ഇതോടെ ജനപ്രതിനിധി സഭയിൽ ഇംപീച്ച് ചെയ്യപ്പെടുകയും സെനറ്റ് മുൻപാകെ വിചാരണയ്ക്കെത്തുകയും ചെയ്ത മൂന്നാമത്തെ പ്രസിഡന്റായി ട്രംപ് മാറി.