വാഴൂർ: ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ കപ്പലിലെ മലയാളി യുവതി ആൻ ടെസ ജോസഫ് (21) കോട്ടയം കൊടുങ്ങൂരിലുള്ള രക്ഷിതാക്കളുമായി വീഡിയോ കോളിലൂടെ സംസാരിച്ചു. തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് അച്ഛൻ ബിജു എബ്രഹാമിന്റെ ഫോണിലേക്ക് ആൻ ടെസ വിളിച്ച് സംസാരിച്ചത്. സുരക്ഷിതരാണെന്നും ആശങ്കപ്പെടാനില്ലെന്നും മകൾ അറിയിച്ചതായി ബിജു എബ്രഹാം പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആൻ ടെസ വീട്ടുകാരുമായി അവസാനമായി സംസാരിച്ചത്. പിന്നീട് ഫോൺ ഓഫായി. കപ്പൽ പിടിച്ചെടുത്ത സൈന്യം ജീവനക്കാരുടെ ഫോണുകളും വാങ്ങിയിരുന്നു. ഇതിനാലാണ് ബന്ധപ്പെടാൻ കഴിയാഞ്ഞത്. തിങ്കളാഴ്ച വൈകീട്ടോടെ ഫോൺ ജീവനക്കാർക്ക് തിരികെ നൽകിയതോടെയാണ് എല്ലാവരും ബന്ധുക്കളുമായി സംസാരിച്ചത്. ജീവനക്കാരോട് മാന്യമായാണ് സൈന്യം പെരുമാറുന്നതെന്നും എല്ലാ സൗകര്യങ്ങളും ലഭിക്കുന്നുണ്ടെന്നും ആൻ ടെസ പറഞ്ഞു.
അതുപ്പോലെ, നാടിനും കുടുംബത്തിനും ആശ്വാസമായി ഇറാന്‍ പിടിച്ചെടുത്ത ചരക്കു കപ്പലില്‍ കഴിയുന്ന സുമേഷിന്റെ ഫോണ്‍ വിളിയുമെത്തി. ഞായറാഴ്ചരാത്രി എട്ടുമണിയോടെയാണ് സുമേഷ് വീഡിയോകോള്‍ ചെയ്തത്. രണ്ടുമിനിറ്റില്‍ത്താഴെ അച്ഛന്‍ ശിവരാമനുമായി സംസാരിച്ചു. താന്‍ സുരക്ഷിതനാണെന്നും ഒരാഴ്ചയ്ക്കകം വീട്ടിലെത്താനാവുമെന്നാണ് പ്രതീക്ഷയെന്നും സുമേഷ് അറിയിച്ചതായി അച്ഛന്‍ ശിവരാമന്‍ പറഞ്ഞു. മുംബൈയിലുള്ള അമ്മ മിനി, ഭാര്യ നിഖില, മകള്‍ വൈദേഹി എന്നിവരുമായും അല്പനേരം സുമേഷ് സംസാരിച്ചതായും പറഞ്ഞു.