തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഇരട്ടവോട്ട് തലസ്ഥാന നഗരമായ തിരുവനന്തപുരത്ത്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദേശാനുസരണം ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക ആപ് വഴി നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. ഇതിനെതിരെ കര്‍ശന നടപടിയെടുക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി.
തിരുവനന്തപുരത്തെ കഴക്കൂട്ടം, നേമം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം മണ്ഡലങ്ങളിലാണ് കൂടുതല്‍ ഇരട്ടവോട്ടുകള്‍. മണ്ഡലങ്ങളിലെ റിട്ടേണിംഗ് ഓഫീസര്‍മാര്‍ ഇരട്ടിപ്പുള്ള വോട്ടുകളുടെ പട്ടിക തയ്യാറാക്കി ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് കൈമാറണം. അവര്‍ പരിശോധന നടത്തി തുടര്‍നടപടി കൈകൊള്ളണമെന്നാണ് നിര്‍ദേശം. വോട്ടുചെയ്താല്‍ മഷി ഉണങ്ങുന്നതുവരെ ബൂത്തില്‍ തുടരണമെന്നും നിര്‍ദ്ദേശമുണ്ട്.
ഇരട്ട വോട്ടുള്ളവരെ കണ്ടെത്തി അവര്‍ ഇപ്പോള്‍ താമസിക്കുന്ന ഇടത്ത് പോയി പരിശോധന നടത്തിയ ശേഷം അവിടുത്തെ വോട്ട് മാത്രം നിലനിര്‍ത്തി മറ്റുള്ളവ റദ്ദാക്കാനാണ് ബിഎല്‍ഒമാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പത്രികയില്‍ അപാകത ഇല്ലെന്ന് ബിപിഎല്‍ ഓഫീസര്‍മാരില്‍ നിന്നും സാക്ഷ്യപത്രവും വാങ്ങണം. തുടര്‍ന്ന് മാര്‍ച്ച് 30 നകം വിശദ റിപ്പോര്‍ട്ട് തഹസില്‍ദാര്‍മാര്‍ കൈമാറണമെന്നും കളക്ടര്‍മാര്‍ നിര്‍ദേശം നല്‍കി.