റാന്നി: മലയാളഭാഷയുടെ സമ്പന്നതയും കാവ്യസൗന്ദര്യവും തിരിച്ചറിയാൻ വായനാശീലം വളർത്തേണ്ടത് അനിവാര്യമാണെന്ന് പ്രഭാഷണത്തിൽ ഡോ ജ്യോത്സ്ന ഗംഗാധരൻ അഭിപ്രായപ്പെട്ടു. എഴുത്തച്ഛന്റെ കൃതികളിലെ ഭാഷാചാതുര്യവും പദപ്രയോഗങ്ങളിലെ വിസ്മയകരമായ സൗന്ദര്യവും ഉദാഹരണങ്ങളിലൂടെ വിശദീകരിച്ച അദ്ദേഹം, മലയാളഭാഷയുടെ സവിശേഷതകൾ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടി. സാധാരണ ഭാഷാപ്രയോഗങ്ങൾക്കപ്പുറം അർത്ഥത്തിന്റെ ആഴവും ശബ്ദഭംഗിയും പകരുന്ന കാവ്യഭാഷയുടെ മഹത്വം എഴുത്തച്ഛന്റെ കൃതികളിൽ പ്രകടമാണെന്ന് അദ്ദേഹം പറഞ്ഞു. അധ്യാത്മരാമായണം കിളിപ്പാട്ടിലെ ഹനുമാന്റെ ലങ്കാദഹനമുൾപ്പെടെയുള്ള ഭാഗങ്ങളിലെ വൃത്തഭംഗിയും പദങ്ങളുടെ തിരഞ്ഞെടുപ്പും ശബ്ദവിന്യാസവും കാവ്യസൗന്ദര്യത്തിന്റെ ഉദാത്ത മാതൃകകളാണെന്നും വിശദീകരിച്ചു.
പഴയകാലത്ത് മൊബൈൽ ഫോണും ഇന്റർനെറ്റും പോലുള്ള സൗകര്യങ്ങൾ ഇല്ലാതിരുന്ന സാഹചര്യത്തിൽ വായനയിലൂടെ ഭാഷയുടെ ചമൽക്കാരവും സാഹിത്യത്തിന്റെ ആഴവും ആസ്വദിക്കാൻ ആളുകൾക്ക് അവസരമുണ്ടായിരുന്നു. എന്നാൽ ഇന്ന് മലയാളവായന കുറഞ്ഞുവരുന്നതും കുട്ടികൾക്കും പുതിയ തലമുറയ്ക്കും മാതൃഭാഷയിലുള്ള പരിചയം നഷ്ടപ്പെടുന്നതും ഗൗരവമായി കാണേണ്ട വിഷയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭാഷയുടെ വാക്കുകളുടെ ക്രമീകരണവും പദപ്രയോഗങ്ങളും അർത്ഥവ്യത്യാസങ്ങൾ സൃഷ്ടിക്കുന്നതെങ്ങനെയെന്ന് വിശദീകരിച്ച അദ്ദേഹം, മലയാളത്തിന്റെ സവിശേഷതകളും സാഹിത്യപാരമ്പര്യവും സംരക്ഷിക്കാൻ വായനയും ഭാഷാപഠനവും പ്രോത്സാഹിപ്പിക്കണമെന്ന് ആഹ്വാനം ചെയ്തു.




























