ഗുരുവായൂർ : പ്രമുഖ പ്രവാസി വ്യവസായി ഡോ. രവി പിള്ള ഗുരുവായൂരപ്പന് സ്വര്‍ണ കിരീടം നടയ്ക്കു വയ്ക്കുന്നു. ഉന്നത നിലവാരമുള്ള ഒറ്റ മരതകക്കല്ല് പതിപ്പിച്ച 725 ഗ്രാം തൂക്കം വരുന്ന കിരീടം 40 ദിവസംകൊണ്ടാണ് നിര്‍മിക്കുന്നത്. മരതകക്കല്ലിന്റെ തൂക്കം 14.45 കാരറ്റാണ്.
ഏഴേമുക്കാല്‍ ഇഞ്ച് ഉയരവും അഞ്ചേമുക്കാല്‍ ഇഞ്ച് വ്യാസവുമുള്ള കിരീടം നക്ഷി ഡിസൈനില്‍ പൂര്‍ണമായും കൈകൊണ്ട് നിര്‍മിച്ചതാണ്. ഓരോ ശില്‍പ്പവും അല്ലെങ്കില്‍ കലാസൃഷ്ടിയും വ്യത്യസ്മായിരിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. ക്ഷേത്രം അധികാരികളുടെയും തന്ത്രി, മേല്‍ശാന്തി എന്നിവരുടെയും നിര്‍ദേശങ്ങള്‍ക്കും വിശ്വാസപരമായ നിബന്ധനകള്‍ക്കും അനുസൃതമായി മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സിന്റെ ഹൈദരാബാദ് ഫാക്ടറിയിലാണു കിരീടം പണിതത്.
തിരുപ്പതി ബാലാജി ക്ഷേത്രം ഉള്‍പ്പെടെ ഇന്ത്യയിലെ പ്രമുഖ ക്ഷേത്രങ്ങളില്‍ വിഗ്രഹങ്ങള്‍ക്ക് കിരീടം ഉള്‍പ്പെടെയുള്ള ആടയാഭരണങ്ങള്‍ പണിത് പ്രശസ്തനായ പാകുന്നം രാമന്‍കുട്ടി ദണ്ഡപാണിയുടെ നേതൃത്വത്തിലാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.