തിരുവനന്തപുരം: ഡോ. വന്ദന ദാസ് കൊലക്കേസ് പ്രതി സന്ദീപിന്റെ മാനസിക നില പരിശോധിക്കാന്‍ ആശുപത്രി വാസം നിര്‍ദ്ദേശിച്ച് മെഡിക്കല്‍ ബോര്‍ഡ്. ഇയാളെ ആശുപത്രിയില്‍ കിടത്തി വിശദമായി പരിശോധിക്കണമെന്നാണ് മെഡിക്കല്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഒരു ദിവസത്തെ പരിശോധന കൊണ്ട് പ്രതിയുടെ മാനസിക നില പൂര്‍ണമായും തിരിച്ചറിയാന്‍ കഴിയില്ലെന്നും മെഡിക്കല്‍ ബോര്‍ഡ് പറയുന്നു. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് മെഡിക്കല്‍ ബോര്‍ഡ് വന്ദന ദാസ് കൊലക്കേസ് അന്വേഷിക്കുന്ന പോലീസ് സംഘത്തിന് കൈമാറി.
അതേസമയം കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ പ്രതിയുമായി പോലീസ് പുലര്‍ച്ചെ തെളിവെടുപ്പ് നടത്തി. പുലര്‍ച്ചെ 4.37 നാണ് ഇയാളെ താലൂക്ക് ആശുപത്രിയില്‍ തെളിവെടുപ്പിന് എത്തിച്ചത്. കൊലപാതകവും കൊലപാതകത്തിന് ശേഷം നടന്ന നടന്ന കാര്യങ്ങളും പ്രതി ക്രൈംബ്രാഞ്ച് സംഘത്തോട് വിവരിച്ചു. ഇന്നലെ രണ്ട് ഇടങ്ങളില്‍ തെളിവെടുപ്പ് നടത്തിയിരുന്നു. ചെറുകരകോണത്തെ സന്ദീപിന്റെ വീട്ടിലും, സുഹൃത്തിന്റെ വീട്ടിലും എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. സന്ദീപ് പോലീസിനെ വിളിച്ചു വരുത്തിയ ചെറുകര കോണത്തെ ശ്രീകുമാറിന്റെ വീട്ടിലായിരുന്നു ആദ്യ തെളിവെടുപ്പ്. നിലവില്‍ സന്ദീപ് ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലാണ്.