തൃശൂര്‍: തൃശൂരില്‍ അഭിഭാഷകയുടെ കാര്‍ വണ്‍വേ തെറ്റിച്ച് എത്തിയതിനെ തുടര്‍ന്ന് ഒരു മണിക്കൂര്‍ ഗതാഗതം തടസ്സപ്പെട്ടു. വെള്ളാങ്കല്ലൂരില്‍ വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. ആളൂര്‍ സ്വദേശിയായ അഭിഭാഷകയാണ് കാറുമായി എത്തിയത്. ഗതാഗതം മുടങ്ങിയതോടെ യുവതിയും നാട്ടുകാരും തമ്മില്‍ സംഘര്‍ഷമായി.
നടവരമ്പ് ഭാഗത്തുനിന്ന് വന്ന്, വെള്ളാങ്കല്ലൂര്‍ ജങ്ഷന്‍ എത്തുന്നതിന് മുന്‍പായി ബസ് ഉള്‍പ്പെടെയുള്ളവ എതിരെ വന്നപ്പോള്‍ സൈഡ് ലഭിക്കാത്ത തരത്തിലാണ് ഇവര്‍ കാര്‍ നിര്‍ത്തിയത്. ആളുകള്‍ വണ്ടി മാറ്റാന്‍ ആവശ്യപ്പെട്ടെങ്കിലും വാഹനം നീക്കാനോ, പിറകിലേക്ക് എടുക്കാനോ യുവതി സമ്മതിച്ചില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ബസിലുണ്ടായിരുന്ന യാത്രക്കാര്‍ പുറത്തിറങ്ങിയതോടെ യുവതി കാര്‍ ഓഫാക്കി. പോലീസ് എത്തിയാല്‍ മാത്രമേ പുറത്തേക്ക് ഇറങ്ങുകയുള്ളൂവെന്ന് നിലപാടെടുത്തു. ഇതാണ് സംഘര്‍ഷത്തിലേക്കെത്തിയത്. യുവതിക്കെതിരെ ഗതാഗതം തടസ്സപ്പെടുത്തിയതിന് പോലീസ് കേസെടുത്തു.