റാന്നി: ഓട നിര്‍മ്മാണം പാതിവഴിയില്‍ നിര്‍ത്തിയതു മൂലം ദുരിതത്തിലായി നാട്ടുകാര്‍. മാലിന്യം കലര്‍ന്ന വെള്ളത്തില്‍ നിന്നുമുള്ള ദുര്‍ഗന്ധത്താല്‍ വീര്‍പ്പുമുട്ടി പ്രദേശവാസികള്‍. പരാതിയുമായി സമീപിച്ചിട്ടും കുലുക്കമില്ലാതെ അധികൃതര്‍. പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നിര്‍മ്മാണത്തിനായി എടുത്ത ഓടയാണ് പകുതിയില്‍ വെച്ചു നിര്‍ത്തിയതു മൂലം നാട്ടുകാര്‍ വലയുന്നത്.
റാന്നി ബ്ലോക്കുപടിക്കും വൈക്കത്തിനും ഇടയിലാണ് സംഭവം. ഇവിടെ വെള്ളം കെട്ടി കിടന്നു കൊതുകുകള്‍ പെരുകുകയാണ്. ഇതു മൂലം സമീപവാസികള്‍ നേരിടുന്നത് വലിയ ബുദ്ധിമുട്ടാണ്. ഓട നിര്‍മ്മാണം പാതിയില്‍ നിര്‍ത്തി പോയത് വ്യാപാര സ്ഥാപനങ്ങള്‍ക്കു മുന്നിലായാണ്. ബ്ലോക്കുപടി ഭാഗത്തു നിന്നും ഒഴുകിയെത്തുന്ന വെള്ളം ഇവിടെയെത്തി കെട്ടികിടക്കുകയാണ്.
വീടുകളിലേയും ഹോട്ടലുകളിലേയും മാലിന്യമടക്കമുള്ളവയാണ് ഒഴുകിയെത്തുന്നത്. ഇതു മൂലം വലിയ ദുര്‍ഗന്ധമാണ് പ്രദേശത്ത് അനുഭവപ്പെടുന്നത്. ഓട നിര്‍മ്മാണം പൂര്‍ത്തീകരിച്ചെങ്കില്‍ മാത്രമെ കലുങ്കിലൂടെ വെള്ളം തോട്ടിലേയ്ക്ക് വിടാനാവു. അടിയന്തരമായി ഓട നിര്‍മ്മാണം പൂര്‍ത്തീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.