ഓമശ്ശേരി : ഓണാഘോഷവുമായി ബന്ധപ്പെട്ട ഡ്രസ് കോഡിനെ ചൊല്ലിയുണ്ടായ തർക്കത്തിന്റെ പേരിൽ ഒൻപതാംക്ലാസ് വിദ്യാർഥിനിയെ പത്താംക്ലാസ് വിദ്യാർഥിനികൾ സംഘം ചേർന്നെത്തി ക്രൂരമായി മർദിച്ചതായി പരാതി. ഒൻപതാംക്ലാസുകാരിയെ വലിച്ചിഴച്ച് ശൗചാലയത്തിലേക്ക് എത്തിച്ച് മുഖത്ത് അടിക്കുകയും അടിവയറ്റിൽ ചവിട്ടുകയുമായിരുന്നു.മലയോരമേഖലയിലെ ഹൈസ്‌കൂളിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. നെഞ്ചിലും അടിവയറ്റിലും ഗുരുതരപരിക്കേറ്റ വിദ്യാർഥിനി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കോടഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സംഭവത്തിൽ ഉൾപ്പെട്ടതായി ആരോപിക്കപ്പെടുന്ന സീനിയർ വിദ്യാർഥികളിൽനിന്ന് പോലീസ് വിവരങ്ങൾ ശേഖരിച്ചുവരുകയാണ്. സ്‌കൂൾ അധികൃതരിൽനിന്നും സംഭവവുമായി ബന്ധപ്പെട്ട് പോലീസ് വിശദാംശങ്ങൾ തേടിയിട്ടുണ്ട്. ഓണാഘോഷസമയത്ത് നീലനിറത്തിലുള്ള വസ്ത്രം ധരിച്ചുവരാൻ പത്താംക്ലാസ് വിദ്യാർഥിനികൾ തീരുമാനിച്ചിരുന്നു. എന്നാൽ, ഇക്കാര്യം അറിയാതെ ആഘോഷദിവസം നീലനിറത്തിലുള്ള വസ്ത്രം ധരിച്ചാണ് മർദനത്തിനിരയായ ഒൻപതാംക്ലാസ് വിദ്യാർഥിനി സ്‌കൂളിലെത്തിയത്. അന്ന് പത്താംക്ലാസ് വിദ്യാർഥിനികൾ ഒൻപതാംക്ലാസുകാരിയെ തടഞ്ഞുവെച്ച് ചോദ്യംചെയ്തിരുന്നു. സംഭവം സ്‌കൂൾ അധികൃതരോട് പരാതിപ്പെടുമെന്നുപറഞ്ഞപ്പോൾ ഷഹബാസിന്റെ കൊലപാതകസംഭവം സൂചിപ്പിച്ച് ‘താമരശ്ശേരി നടന്ന സംഭവം അറിയാലോ’ എന്നുപറഞ്ഞ് വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഓണാവധികഴിഞ്ഞ് തിങ്കളാഴ്ച സ്‌കൂളിലെത്തിയ വിദ്യാർഥിനിയെ ‘നീ പരാതിപ്പെടുമോ’ എന്നുചോദിച്ച് സീനിയർ വിദ്യാർഥിനികൾ സംഘം ചേർന്ന് ക്രൂരമായി മർദിക്കുകയായിരുന്നു. തിങ്കളാഴ്ച കുട്ടികൾ തമ്മിൽ ഏറ്റുമുട്ടിയപ്പോഴാണ് ഡ്രസ് കോഡിനെച്ചൊല്ലി നടന്ന തർക്കം അറിഞ്ഞതെന്ന് സ്‌കൂൾ അധികൃതർ വ്യക്തമാക്കി. ഉടൻ സംഭവത്തിൽ ഉൾപ്പെട്ട വിദ്യാർഥിനികളുടെ രക്ഷിതാക്കളെ സ്‌കൂളിലേക്ക് വിളിച്ചുവരുത്തി. അച്ചടക്കസമിതി, സ്റ്റാഫ് കൗൺസിൽ യോഗങ്ങൾ ചേരുകയും കുറ്റാരോപിതരായ രണ്ട് പത്താംക്ലാസ് വിദ്യാർഥിനികളെ രണ്ടാഴ്ച സ്‌കൂളിൽനിന്ന് മാറ്റിനിർത്താൻ തീരുമാനിക്കുകയും ചെയ്തു. സംഭവത്തിൽ രക്ഷിതാക്കൾ സമർപ്പിച്ച പരാതികളിൽ നിയമാനുസൃത നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് സ്‌കൂൾ അധികൃതർ പ്രതികരിച്ചു.
































