മുംബൈ : വി.ഡി. സവർക്കർ മുസ്‌ലിങ്ങളെ വെറുത്തിരുന്നില്ലെന്നും എന്നാൽ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അദ്ദേഹത്തെ കടുത്ത മുസ്‌ലിംവിരോധിയായി ചിത്രീകരിക്കുകയാണുണ്ടായതെന്നും സവർക്കറുടെ കൊച്ചുമകൻ സത്യകി സവർക്കർ കോടതിയിൽ. രാഹുൽ ഗാന്ധിയുടെപേരിലെ ക്രിമിനൽ മാനനഷ്ടക്കേസിൽ പുണെയിലെ പ്രത്യേക കോടതിയിൽ മൊഴി നൽകുകയായിരുന്നു അദ്ദേഹം. സവർക്കറുടെ രചനകളിൽ മുസ്‌ലിം സമൂഹത്തിന്റെ പുരോഗതിക്കുള്ള വഴികളാണ് നിർദേശിച്ചിട്ടുള്ളതെന്നും സത്യകി കോടതിയെ അറിയിച്ചു. 2023 മാർച്ച് അഞ്ചിന് ലണ്ടനിൽ നടന്ന ഓവർസീസ് കോൺഗ്രസ് സമ്മേളനത്തിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗമാണ് കേസിന് ആധാരം.
സവർക്കറും കൂട്ടുകാരും ചേർന്ന് ഒരു മുസ്‌ലിംയുവാവിനെ മർദിച്ചെന്നും അതിൽ സന്തോഷം കണ്ടെത്തിയെന്ന് സ്വന്തം പുസ്തകത്തിൽ സവർക്കർതന്നെ എഴുതിയിട്ടുണ്ടെന്നുമായിരുന്നു രാഹുലിന്റെ പ്രസംഗം. എന്നാൽ, സവർക്കർ അങ്ങനെ പുസ്തകത്തിൽ എഴുതിയിട്ടില്ലെന്നും അദ്ദേഹത്തെ ആൾക്കൂട്ട അക്രമിയായും മുസ്‌ലിംവിരോധിയായും ബോധപൂർവം ചിത്രീകരിച്ച് അപകീർത്തിപ്പെടുത്താനാണ് രാഹുൽ ശ്രമിക്കുന്നതെന്നും സത്യകി ആരോപിച്ചു. ക്രോസ് വിസ്താരത്തിനിടെ രാഹുൽ ഗാന്ധിയുടെ അഭിഭാഷകൻ മിലിന്ദ് പവാർ, സത്യകിയുടെ ബന്ധുവും ഗാന്ധിവധ ഗൂഢാലോചനക്കേസിലെ പ്രതിയുമായ ഗോപാൽ ഗോഡ്‌സെയുടെ 2004-ലെ വീഡിയോ അഭിമുഖം കോടതിയിൽ ഹാജരാക്കി. നാഥുറാം ഗോഡ്‌സെ ആർ.എസ്.എസ്. സ്വയംസേവകനായിരുന്നുവെന്ന് ഗോപാൽ ഗോഡ്‌സെ അഭിമുഖത്തിൽ സമ്മതിക്കുന്നുണ്ട്.
സവർക്കർ കുടുംബത്തിന്റെ അനുമതിയില്ലാതെയാണ് അന്തമാനിൽ അമിത് ഷായും മോഹൻ ഭാഗവതും ചേർന്ന് പ്രതിമ അനാച്ഛാദനം ചെയ്തതെന്നും ആർ.എസ്.എസ്. സവർക്കറുടെ പ്രത്യയശാസ്ത്രം പൂർണമായി പിന്തുടരുന്നുണ്ടോ എന്ന് തനിക്കറിയില്ലെന്നും സത്യകി വിസ്താരത്തിനിടെ സമ്മതിച്ചു. 2023 മാർച്ച് അഞ്ചിന് ലണ്ടനിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗമാണ് കേസിന് ആധാരം
































