ന്യൂഡൽഹി: അയോധ്യയിൽ സംഭാവന എണ്ണുന്നതിന് പുതിയ സംവിധാനം ഏർപ്പെടുത്താൻ ക്ഷേത്ര ട്രസ്റ്റിന്റെ തീരുമാനം. ഐഐടി വിദഗ്ധരും രണ്ട് ബാങ്കുകളും നൽകിയ നിർദ്ദേശം ട്രസ്റ്റ് യോഗം ചർച്ച ചെയ്തു. സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി സംഭാവന എണ്ണാനാണ് തീരുമാനം. ഇതിനായി നിയോഗിക്കുന്ന ജീവനക്കാരുടെ എണ്ണം ചുരുക്കും. അയോധ്യ രാമക്ഷേത്രത്തിൽ നടന്ന സംഭാവനക്കൊള്ളയുടെ പശ്ചാത്തലത്തിലാണ് ട്രസ്റ്റിൻ്റെ തീരുമാനം. ക്ഷേത്രത്തിൻ്റെ മേൽനോട്ടം വഹിക്കുന്ന ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന് ആദ്യമായി ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ (സിഇഒ) നിയമിക്കാനുള്ള നടപടികൾ അവസാനഘട്ടത്തിൽ എത്തിയെന്ന് റിപ്പോർട്ട്. സിഇഒ സ്ഥാനത്തേക്ക് താൽപര്യമറിയിച്ച് രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 5585 അപേക്ഷകൾ സെർച്ച് കമ്മിറ്റിക്ക് ലഭിച്ചു. അപേക്ഷകരിൽ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർ മുതൽ ബ്രിഗേഡിയർ റാങ്കിന് മുകളിലുള്ള സൈനിക ഉദ്യോഗസ്ഥർ വരെ ഉൾപ്പെടുന്നുണ്ട്. കൂടാതെ എൻജിഒകളുമായി ബന്ധപ്പെട്ട പ്രൊഫഷണലുകളും സിഇഒ സ്ഥാനത്തേക്ക് സന്നദ്ധത അറിയിച്ച് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. പ്രാഥമിക സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം സെർച്ച് കമ്മിറ്റി 16 അപേക്ഷകരെ ഇൻ്റർവ്യൂ ചെയ്തു. വിവിധ വിഭാഗങ്ങളിലുള്ള മൂന്നുപേരുടെ വീതം പാനലുകളും സെർച്ച് കമ്മിറ്റി തയ്യാറാക്കിക്കഴിഞ്ഞു.
ക്ഷേത്രത്തിന്റെ ഭരണ-നിർവഹണ ഘടന ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് സിഇഒ നിയമനം. അതേസമയം, സംഭാവനക്കൊള്ളയെ തുടർന്ന് ചമ്പത് റായ്, ഡോ. അനിൽ മിശ്ര എന്നിവർ രാജിവെച്ച ജനറൽ സെക്രട്ടറി, ട്രസ്റ്റി അംഗം തസ്തികകളിലേക്കുള്ള നിയമനങ്ങൾ സംബന്ധിച്ചും ചർച്ച നടക്കും. കൂടാതെ ക്ഷേത്രം ട്രസ്റ്റ് വക്താവിനെ നിയമിക്കുന്ന കാര്യവും ചർച്ച ചെയ്തേക്കും






























