ശൂരനാട് : ദോശ കൊടുക്കാൻ വൈകിയതിന്റെ പേരിൽ ശൂരനാട് കോയിക്കൽ ചന്തയിലെ തട്ടുകടയിൽ ആക്രമണം നടത്തിയ കേസിൽ രണ്ടുപേരെ റിമാൻഡ് ചെയ്തു. ശൂരനാട് തെക്ക് ഇരവിച്ചിറ നടുവിൽ അബിൻ ഭവനത്തിൽ അജി (46), അശ്വതി ഭവനത്തിൽ രമേശൻ (44) എന്നിവരെയാണ് റിമാൻഡ് ചെയ്തത്. ഒരാൾ ഒളിവിലാണ്. നടത്തിപ്പുകാരായ ദമ്പതിമാരുടെ പരാതിയിൽ ഇരുവരെയും ചൊവ്വാഴ്ച അറസ്റ്റ് ചെയ്തിരുന്നു. മനാഫും ഭാര്യ സീനത്തും ചേർന്ന് നടത്തുന്ന ചായക്കടയിൽ ചൊവ്വാഴ്ച രാവിലെ എട്ടരയോടെയായിരുന്നു മൂന്നംഗസംഘം സംഘർഷമുണ്ടാക്കിയത്. പന്തൽ പണിക്കാരായ ഇവർ കടയിലെത്തി കഴിക്കാൻ ദോശ ആവശ്യപ്പെട്ടെങ്കിലും തിരക്കുകാരണം വൈകി.
അതേത്തുടർന്നുണ്ടായ വാക്കേറ്റം ആക്രമണത്തിൽ കലാശിക്കുകയായിരുന്നു. അക്രമത്തിനിടെ തിളച്ച പാൽ തെറിച്ചുവീണ് സീനത്തിന് ചെറിയതോതിൽ പൊള്ളലേൽക്കുകയും ചെയ്തു. ശൂരനാട് പോലീസ് സ്ഥലത്തെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. സംഘർഷത്തിനിടയിൽ വീണ് അജിയുടെ തലയ്ക്കും മുറിവേറ്റിരുന്നു.































