തൃശൂര്‍ : ഹോട്ടലില്‍ മദ്യം കഴിക്കുന്നത് വിലക്കിയ ഹോട്ടലുടമയെയും മകനെയും അഞ്ചംഗ സംഘം ആക്രമിച്ചു. പെരുമ്പിലാവിലെ അല്‍സാക്കി ഹോട്ടലിന്റെ ഉടമ ഖാലിദ് (60) മകന്‍ റാഷിദ് (35) എന്നിവരെയാണ് യുവാക്കളുടെ സംഘം ആക്രമിച്ചത്. ഇരുവരെയും പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി 8.30നാണ് അഞ്ചുപേര്‍ ചേര്‍ന്ന് അക്രമം നടത്തിയത്. കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ ഹോട്ടലിന്‍റെ ഒരു ഭാഗം അടച്ചിട്ടിരിക്കുകയായിരുന്നു. വിജനമായി കിടന്നിരുന്ന ഈ ഭാഗത്തിരുന്നാണ് യുവാക്കള്‍ മദ്യപിച്ചിരുന്നത്. ഹോട്ടലില്‍ മദ്യം ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്നു പറഞ്ഞതോടെ അച്ഛനെ പിടിച്ചു തള്ളിയതായി റാഷിദ് പറഞ്ഞു. തടയാന്‍ ചെന്ന റാഷിദിനെ തള്ളുകയും മര്‍ദിക്കുകയും ചെയ്തു.
കൈയ്ക്ക് പരിക്കേറ്റ റാഷിദിനെ അടിയന്തിര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. പാലക്കാട് ജില്ലയിലെ ഒരു പഞ്ചായത്ത് പ്രസിഡണ്ടിന്റെ മകന്റെ നേതൃത്വത്തിലാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. കൂറ്റനാട് ഭാഗത്തു നിന്നെത്തിയവരാണ് ഇവരെന്നും സംശയമുണ്ട്.