അമ്പലപ്പുഴ : കുടിവെള്ളപദ്ധതിയില്‍ അടിക്കടി പൈപ്പുപൊട്ടി കുടിവെള്ളം മുടങ്ങുന്നതിനു ശാശ്വതപരിഹാരമാകുന്നു. തകഴിയില്‍ ഗുണനിലവാരമില്ലാത്ത 1,524 മീറ്റര്‍ പൈപ്പുമാറ്റുന്ന ജോലികള്‍ വ്യാഴാഴ്ച തുടങ്ങും. തകഴി വലിയപാലത്തിനുകിഴക്ക് കേളമംഗലം ഭാഗത്തെ 440 മീറ്റര്‍ പൈപ്പാണ് ആദ്യറീച്ചില്‍ മാറ്റിയിടുന്നത്. കുടിവെള്ളവിതരണം തടസ്സപ്പെടാത്തരീതിയില്‍ നിലവിലുള്ള പൈപ്പിന്റെ വശത്തേക്കുമാറിയാണു പുതിയപൈപ്പ് സ്ഥാപിക്കുന്നത്.
അന്പതുദിവസംകൊണ്ട് 1,524 മീറ്ററില്‍ പൈപ്പുമാറ്റിയിടാമെന്നാണു കണക്കാക്കുന്നത്. അമ്പലപ്പുഴ-തിരുവല്ല സംസ്ഥാനപാത പൊളിച്ച് പൈപ്പുമാറ്റിയിടാന് കേരള റോഡ്ഫണ്ട് ബോര്‍ഡ്, ജല അതോറിറ്റിക്കു വാക്കാല്‍ അനുമതി നല്‍കിയിട്ടുണ്ട്. പൊളിക്കുന്ന റോഡ് പുനര്‍നിര്‍മിക്കുന്നതിനുള്ള തുകയായ 1.02 കോടി രൂപ ജലഅതോറിറ്റി റോഡ് ഫണ്ട് ബോര്‍ഡില്‍ അടച്ചു. കേളമംഗലം മുതല്‍ തകഴിപ്പാലംവരെ 440 മീറ്ററും പടിഞ്ഞാരേക്കരമുതല് തകഴി ലെവല്‍ക്രോസ് വരെ 1,084 മീറ്ററുമായി രണ്ടുറീച്ചുകളായിട്ടാണ് പൈപ്പുമാറ്റിയിടുന്നത്.