റാന്നി:റാന്നി ഇട്ടിയപ്പാറ ടൗണിൽ കുടിവെള്ള പൈപ്പ് പൊട്ടൽ തുടർക്കഥയാകുന്നു. വെള്ളിയാഴ്ച വലിയപറമ്പുപടിയിൽ പൊട്ടിയതാണ് അവസാനത്തെ സംഭവം. പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽപ്പെട്ട പ്ലാച്ചേരി-കോന്നി റീച്ചാണ് റാന്നി ടൗണിൽ കടന്നുപോകുന്നത്. ഈ റോഡിൽ ചെത്തോങ്കര മുതൽ ഉതിമൂട് വരെ ഭാഗത്ത് ഏതെങ്കിലും ഒരുസമയത്ത് നിരവധിയിടങ്ങളിൽ പൈപ്പ് പൊട്ടി വെള്ളം പാഴായിക്കൊണ്ടിരിക്കും.
ഇട്ടിയപ്പാറയിൽനിന്നും ചെത്തോങ്കര വരെ മിക്ക ദിവസങ്ങളിലും വെള്ളക്കെട്ട് കാണാം. റോഡിലെ വെള്ളം കാരണം കാൽനടക്കാരാണ് പെട്ടുപോകുന്നത്. പൈപ്പുപൊട്ടിയ വെള്ളമിെല്ലങ്കിൽ മഴക്കാലത്ത് ഒഴുകിയെത്തുന്ന മഴവെള്ളമായിരിക്കും കെട്ടിക്കിടക്കുന്നത്.
സംസ്ഥാന പാതയുടെ നിർമാണം നടക്കുന്നതിനാൽ ഓടയുടെ നിർമാണം കഴിഞ്ഞ് പുതിയ പൈപ്പുകൾ സ്ഥാപിക്കുന്നതിന് വാട്ടർ അതോറിറ്റി ഏഴുകോടിയുടെ എസ്റ്റിമേറ്റ് റോഡ് പണിയുന്ന കമ്പനിക്ക് നൽകിയിട്ടുണ്ട്. റോഡിലെ ഓടയുടെ നിർമാണം ഉതിമൂട്ടിൽ തുടങ്ങിയിട്ടുണ്ട്. പുതിയതും കാലപ്പഴക്കും ചെന്നതുമായ പൈപ്പുകളും പൊട്ടുകയാണ്. ഇവ പുനഃസ്ഥാപിക്കണമെങ്കിൽ സമയമെടുക്കും. ജീവനക്കാരന് കോവിഡ് ബാധിച്ചതിനെ തുടർന്ന് ഇപ്പോൾ വാട്ടർ അതോറിറ്റി ഓഫിസ് അടച്ചിരിക്കുകയാണ്.