കോന്നി : വള്ളിക്കോട് മൂർത്തി മുരുപ്പ് കോളനി കുടിവെള്ള പദ്ധതിക്ക് ഒരു കോടി അറുപത്തി ഒൻപതു ലക്ഷത്തി ഇരുപതിനായിരം രൂപയുടെ ഭരണാനുമതി ലഭിച്ചതായി അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ അറിയിച്ചു. വള്ളിക്കോട് പഞ്ചായത്തിൽ കുടിവെള്ളക്ഷാമം വളരെ രൂക്ഷമായ പ്രദേശമാണ് മൂർത്തി മുരുപ്പ് പട്ടികജാതി കോളനി. അഡ്വ കെ യു ജനീഷ് കുമാർ എംഎൽഎ കോളനിയിൽ വിളിച്ചുചേർത്ത ജനകീയ സഭയിൽ കോളനിയിലെ കുടിവെള്ള പ്രശ്നവും പശ്ചാത്തല സൗകര്യ വികസനവും നാട്ടുകാർ നിവേദനമായി നൽകിയിരുന്നു.
എംഎൽഎ വകുപ്പ് മന്ത്രിക്ക് നേരിട്ട് നൽകിയ നിവേദനത്തെ തുടർന്ന് മൂർത്തി മുരുപ്പ് കോളനി അംബേദ്കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി ഒരുകോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടന്നുവരികയാണ്. അതിനോടൊപ്പം ആണ് കുടിവെള്ള പദ്ധതിക്കായി ആയി ഒരു കോടി അറുപത്തി ഒൻപത് ലക്ഷത്തി ഇരുപതിനായിരം രൂപ പട്ടികജാതി കോർപ്പസ് ഫണ്ടിൽനിന്നും അനുവദിച്ചത്. വള്ളിക്കോട് പഞ്ചായത്തിലെ വാട്ടർ അതോറിറ്റിയുടെ നിലവിലുള്ള പദ്ധതിയിൽ നിന്നും വളരെ ഉയരത്തിലുള്ള മൂർത്തി മുരുപ്പിലേക്ക് കുടിവെള്ളം എത്തിക്കുക പ്രായോഗികമല്ലാത്തതിനാലാണ് കോളനിക്കായി പ്രത്യേക കുടിവെള്ള പദ്ധതി തയ്യാറാക്കിയത്.
വള്ളിക്കോട് ഇൻടേക്ക് കിണറിൽ നിന്നും 3700 മീറ്റർ നീളത്തിൽ പമ്പിങ് മെയിൻ സ്ഥാപിച്ചു മൂർത്തി മുരുപ്പിൽ നിർമിക്കുന്ന 30,000 ലിറ്റർ ഉന്നതതല സംഭരണിയിൽ എത്തിക്കും. ഇവിടെ നിന്നും പ്രഷർ ഫിൽറ്റർ ഉപയോഗിച്ച് ശുദ്ധീകരിച്ച ജലം കോളനിയിലെ 68 വീടുകളിലേക്കും ഗാർഹിക കണക്ഷൻ നൽകും. ഇതോടെ മൂർത്തി മുരുപ്പ് കോളനിയിലെ കുടിവെള്ളക്ഷാമത്തിന് പൂർണ്ണ പരിഹാരമാകും. ജില്ലാ പട്ടികജാതി വികസന ഓഫീസറും വാട്ടർ അതോറിറ്റി പത്തനംതിട്ട എക്സിക്യൂട്ടീവ് എഞ്ചിനീയർക്കുമാണ് പദ്ധതിയുടെ നിർവ്വഹണ ചുമതല. പദ്ധതിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്തു പ്രവർത്തി ഉടനെ ആരംഭിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ പറഞ്ഞു.