തിരുവനന്തപുരം: വോട്ടെടുപ്പുദിവസം സി.പി.എമ്മിനെയും ഇടതുമുന്നണിയെയും പിടിച്ചുകുലുക്കി ഇ.പി. ജയരാജൻ വിവാദം. ബി.ജെ.പി.-സി.പി.എം. രഹസ്യബന്ധമെന്ന യു.ഡി.എഫ്. ആരോപണം നിലനിൽക്കേ പ്രകാശ് ജാവഡേക്കറെ കണ്ടിരുന്നതായി ഇ.പി. ജയരാജൻതന്നെ തുറന്നുപറഞ്ഞത് അക്ഷരാർഥത്തിൽ ഇടതുകേന്ദ്രങ്ങളെ ഞെട്ടിച്ചു. വോട്ടെടുപ്പുദിനത്തിൽ രാവിലെത്തന്നെയുള്ള ഇ.പി.യുടെ വെളിപ്പെടുത്തൽ ജനവിധിയെ സ്വാധീനിക്കുമെന്ന ആശങ്ക പടർന്നു. ഇതു മറികടക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ, ഇ.പി.ക്ക് ജാഗ്രതക്കുറവുണ്ടെന്നു കുറ്റപ്പെടുത്തി പരസ്യമായി തള്ളിപ്പറഞ്ഞത്. ദല്ലാൾ നന്ദകുമാറിനെപ്പോലുള്ള വഞ്ചകരുമായുള്ള കൂട്ടുകെട്ട് ഉപേക്ഷിക്കണമെന്ന് ഇ.പി.യെ ഓർമിപ്പിച്ച മുഖ്യമന്ത്രി, പ്രകാശ് ജാവഡേക്കറെ കണ്ടതിൽ അസ്വാഭാവികതയില്ലെന്നു വാദിച്ച് പ്രശ്നം ലഘൂകരിക്കാൻ ശ്രമിച്ചു.
എന്നാൽ, ഇ.പി.-ജാവഡേക്കർ കൂടിക്കാഴ്ച മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും പിടിക്കപ്പെട്ടപ്പോൾ കൂട്ടുപ്രതിയെ അദ്ദേഹം തള്ളിപ്പറഞ്ഞതാണെന്നും ആരോപിച്ച് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ രംഗത്തിറങ്ങിയതോടെ വിവാദം കത്തിപ്പടർന്നു. രാഷ്ട്രീയചർച്ച സ്ഥിരീകരിച്ച് ബി.ജെ.പി. നേതാവ് ശോഭാസുരേന്ദ്രനും വിവാദത്തിന് എരിവുപകർന്നു. ദല്ലാൾ നന്ദകുമാറിന്റെ പക്കലുള്ള രേഖകളെ ഭയന്നാണ് ഇ.പി. നിയമനടപടി സ്വീകരിക്കാത്തതെന്നും അവർ വെല്ലുവിളിച്ചു.