ചെറുതോണി : കേരളാ കോണ്‍ഗ്രസ് (എം) ഇടുക്കി ജില്ലാ പ്രസിഡന്‍റായി ജോസ് പാലത്തിനാലിനെ തെരഞ്ഞെടുത്തു. ഇടുക്കി നെടുംകണ്ടം സ്വദേശിയാണ് അദ്ദേഹം. കേരളാ യൂത്ത്ഫ്രണ്ട് (എം) ഇടുക്കി ജില്ലാ പ്രസിഡന്‍റായും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പാര്‍ട്ടി ഉടുമ്പന്‍ചോല നിയോജക മണ്ഡലം പ്രസിഡന്‍റായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. നിലവില്‍ കേരളാ സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ അംഗവും മലനാട് സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്‍റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ച് വരുന്നു.
പാര്‍ട്ടി ജില്ലാ ഭാരവാഹികളായി എം.എം മാത്യു, കുര്യാക്കോസ് ചിന്താര്‍മണി (വൈസ് പ്രസിഡന്‍റമാർ) രാരിച്ചന്‍ നീര്‍ണാകുന്നേല്‍, മധു നമ്പൂതിരി, ഷിജോ തടത്തില്‍, ജെയിംസ് മ്ലാക്കുഴിയില്‍ (ജനറല്‍ സെക്രട്ടറിമാര്‍) മാത്യു വാലുമ്മേല്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ. മാണി എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാ റിട്ടേണിംഗ് ഓഫീസര്‍ ജോണി പുളിക്കല്‍ അദ്ധ്യക്ഷത വഹിച്ചു. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്ജ് , തോമസ് ജോസഫ് എക്സ് എം.എല്‍.എ, പ്രൊഫ. കെ. ഐ ആന്‍റണി, രാരിച്ചന്‍ നീര്‍ണാകുന്നേല്‍ എന്നിവര്‍ സംസാരിച്ചു.